21 November Wednesday

10,000 പേർ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018

 കോട്ടയം

 കാലവർഷക്കെടുതി മൂലം ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചത‌് പതിനായിരത്തോളം പേരെ.  ജില്ലയിൽ തുറന്ന 104 ക്യാമ്പുകളായി 2300 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലുളളവരാണ‌് ക്യാമ്പുകളിലുള്ളത‌്. ഇവർക്കുളള ഭക്ഷണം, മരുന്ന്  മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.  
 പാറമ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളം കയറിയ സാഹചര്യത്തിൽ രോഗികളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ 20 അംഗങ്ങൾ വീതമുളള രണ്ട് സംഘങ്ങൾ ജില്ലയിൽ ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. 148 വീടുകൾ ഭാഗികമായി തകർന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 
   പലയിടത്തും റോഡുകളും പാടങ്ങളുമെല്ലാം ഇപ്പോഴും  വെള്ളത്തിലാണ‌്. മിക്കയിടത്തും വൈദ്യുതിയുമില്ല. മീനച്ചിലാർ കരകവിഞ്ഞതിനാൽ വെള്ളത്തിനടിയിലായ പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിൽ ചൊവ്വാഴ‌്ചയും ശക്തമായി മഴപെയ‌്തു. പാലാ നഗരത്തിലെ വെള്ളം ഇറങ്ങിയെങ്കിലും ഉൾപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പടിഞ്ഞാറൻ മേഖലകൾ പലതും ഇപ്പോഴും വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ‌്. കോട്ടയം﹣പാലാ, പാലാ﹣ഈരാറ്റുപേട്ട, ചങ്ങനാശേരി﹣ആലപ്പുഴ  തുടങ്ങിയ റോഡുകളിൽ വാഹന ഗതാഗതവും മുടങ്ങി‌. കോട്ടയം നഗരസഭയുടെ വിവിധ പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ‌്. 
  രക്ഷാപ്രവർത്തനം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള  മന്ത്രി കെ രാജു സന്ദർശനം നടത്തി.  സ്ഥിതിഗതികൾ സൂക്ഷ‌്മമായി വിലയിരുത്താനും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക‌് മന്ത്രി നിർദേശം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top