18 September Tuesday
മഞ്ഞപ്പിത്തത്തിന് ശമനമില്ല

മാന്നാനം കെഇ കോളേജിലെ വിദ്യാര്‍ഥിയും അധ്യാപകനും ഗുരുതരാവസ്ഥയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 ഏറ്റുമാനൂർ > മാന്നാനം കോളേജിലെ മലിനജലത്തിൽനിന്ന‌് മഞ്ഞപ്പിത്തരോഗം പടർന്ന് വിദ്യാര്‍ഥിയും അധ്യാപകനും ഗുരുതരാവസ്ഥയില്‍.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നേമം എടക്കോട് സ്നേഹസില്‍ സുരേഷ് ‐ പ്രീത ദമ്പതികളുടെ മകൻ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥി പ്രേംസാഗർ, എറണാകുളം അമൃതാ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കോളേജിലെ ഗസ്റ്റ് ലക്ചറര്‍ പ്രജോദ് എന്നിവരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പ്രേംസാഗറിന്റെ കരള്‍ മാറ്റി വെക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 50 ലക്ഷം രൂപയെങ്കിലും ചെലവ് വരും. നാലു മാസങ്ങൾക്ക് മുൻപാണ് മാന്നാനം കെ ഇ കൊളേജിൽ മഞ്ഞപ്പിത്തരോഗം സ്ഥിരീകരിച്ചത്.കോളേജിലെ ടാപ്പിൽ ഒഴുകുന്നത് മലിനജലമാണെന്ന് കണ്ടെത്തിയ വിദ്യാർഥികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്തെങ്കിലും വീണ്ടും മലിനജലം ഒഴുകിതുടങ്ങിയിരുന്നു. സ്പോര്‍ട്സ് ഹോസ്റ്റലിലെ കുട്ടികളിലാണ് ആദ്യം രോഗം പിടിപെട്ടത്. 44 കുട്ടികള്‍ ഉള്ളതില്‍ 42 പേര്‍ക്കും അസുഖം പിടിപെട്ടു. ഇതേ തുടർന്ന് കൊളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിട്ടിരുന്നു. കോളേജിൽ നിന്നും സമീപവാസികളിലേയ്ക്കും രോഗം പടർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം രൂക്ഷമായതോടെ എസ്എഫ്ഐ വിദ്യാർഥികൾ കോളേജിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. കൊളേജിൽ ഉപയോഗിയ്ക്കുന്നത് മാന്നാനം പാടത്തെ മലിനജലമാണെന്നും കോളേജിൽ നിന്നും ഒഴുകുന്ന മലിനജലം മൂലം സമീപവാസികളുടെ  കിണറുകളും മലിനമാകുന്നുവെന്നും പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

 

 

പ്രധാന വാർത്തകൾ
Top