Top
19
Monday, February 2018
About UsE-Paper

വനിതാ നേതാവിന്റെ വീടുകയറി ആക്രമണം ക്ഷേത്രപ്രവേശനം തടഞ്ഞത് ചോദ്യംചെയ്തതിന്

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌
 
പാലാ > സിപിഐ എം പാലാ ഏരിയ കമ്മിറ്റിയംഗം പുഷ്പ ചന്ദ്രനെയും കുടുംബത്തെയും രാത്രി വീടുകയറി ആക്രമിച്ച സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നത് തടഞ്ഞ ആർഎസ്എസ്‐ബിജെപി നടപടി ചോദ്യംചെയ്തതിന്. ക്ഷേത്രപരിസരത്ത് സംഘർഷം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ആർഎസ്എസ്‐ബിജെപി പദ്ധതി പൊളിഞ്ഞതോടെയാണ് ആർഎസ്എസ് ക്രിമിനൽ സംഘം രാത്രി മാരകായുധങ്ങളുമായെത്തി പുഷ്പ ചന്ദ്രന്റെ വീട് ആക്രമിച്ചത്. അടുത്തിടെ ആർഎസ്എസ് വിട്ട് ഡിവൈഎഫ്ഐയിൽ ചേർന്ന വിഷ്ണുവായിരുന്നു അക്രമികളുടെ ലക്ഷ്യം.
ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പകൽ പുലിയന്നൂർ ക്ഷേത്രത്തിൽ കാവടി ഘോഷയാത്ര കാണാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മാരകായുധങ്ങളുമായി ആർഎസ്എസ് ക്രിമിനൽ സംഘം ഗോപുര വാതിലിൽ തടഞ്ഞു. പുഷ്പ ചന്ദ്രൻ ഇടപെട്ട് യുവാക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചു. സംഘർഷം സൃഷ്ടിക്കാനുള്ള ആർഎസ്എസ് നീക്കം പുഷ്പ ചന്ദ്രൻ പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ടതോടെ ആയുധങ്ങൾ ഉപേക്ഷിച്ച് സംഘം പിൻവാങ്ങി. 
വെല്ലുവിളി നടത്തിയ ആർഎസ്എസ് സംഘം രാത്രി പുഷ്പ ചന്ദ്രന്റെ വീട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സിപിഐ എം ഏരിയ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായ പുഷ്പ ചന്ദ്രൻ(47), ഭർത്താവ് പുലിയന്നൂർ പേരൂർ ചന്ദ്രൻ(58), മകൻ അരുൺ(29), സിപിഐ എം മുത്തോലിക്കടവ് ബ്രാഞ്ച് സെക്രട്ടറി തേക്കിലക്കാട്ടിൽ ശിവൻ(25), ഡിവൈഎഫ്ഐ പ്രവർത്തകൻ തെക്കുംമുറി വാഴപ്പൻകുന്നേൽ വിഷ്ണു (24) എന്നിവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 
പുലിയന്നൂരിൽ അടുത്തയിടെ ഡിവൈഎഫ്ഐയിലേക്ക് കൂടുതൽപേർ എത്തിയതാണ് ആർഎസ്എസിനെ പ്രകോപിപ്പിച്ചത്. പുലിയന്നൂർ ക്ഷേത്രോത്സവ ദിവസം വിവിധ സ്ഥലങ്ങളിൽനിന്നുള്ള ആർഎസ്എസ് ക്രിമിനലുകൾ പരിസരത്ത് തമ്പടിച്ചിരുന്നു. ആർഎസ്എസ് വിട്ടതോടെ ഭീഷണി ഉണ്ടായിരുന്ന വിഷ്ണു ചൊവ്വാഴ്ച പുഷ്പയുടെ വീട്ടിലാണ് കഴിഞ്ഞത്. ഇത് മനസ്സിലാക്കിയ സംഘം വിഷ്ണുവിനെ മൊബൈലിൽ വിളിച്ച് വീട്ടിൽതന്നെ ഉണ്ടെന്ന് ഉറപ്പാക്കി. തുടർന്ന് സംഘം വീടിനുനേരെ കല്ലെറിഞ്ഞു. വാതിൽ തുറന്ന് പുറത്തിറങ്ങിയ ചന്ദ്രനെ സംഘം വളഞ്ഞുനിന്ന് കമ്പിവടിക്ക് അടിച്ചു. തടയാൻ എത്തിയ മകനെയും ആക്രമിച്ചു. പുറത്തേക്കുവന്ന പുഷ്പയുടെ തലക്കടിച്ചു.
പ്രദേശത്തെ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ തെക്കുംമുറി പുത്തൻപുരക്കൽ ജയദേവൻ, അരകിലോ എന്ന് വിളിക്കുന്ന ആടിമാക്കൽ സുജിത്ത്, വള്ളിച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന കിടങ്ങാട്ട് ശ്യാം, ആർഎസ്എസ് ക്രിമിനലുകളായ തെക്കുമുറി സ്വദേശി ആനന്ദബോസ്, കെഴുവംകുളം ചരപുഴക്കൽ സുനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘർഷത്തിന് ശ്രമിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാത്രി വീട്ടിൽ കയറി ആക്രമിച്ചതെന്ന് പുഷ്പ ചന്ദ്രൻ പൊലീസിന് മൊഴി നൽകി.