Top
20
Tuesday, February 2018
About UsE-Paper

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ആഹ്ളാദകരം: വി എന്‍ വാസവന്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

 കോട്ടയം > ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം അങ്ങേയറ്റം ആഹ്ളാദകരമാണെന്ന് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പ്രസ്താവനയില്‍ അറിയിച്ചു. മോചനം ഇത്രയേറെ വൈകിയതിന് കേന്ദ്രസര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

    2016 മാര്‍ച്ച് നാലിനാണ് ഒമാനില്‍ ഐഎസ് ഭീകരര്‍ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോകുന്നത്. ഈ സംഭവം പുറത്തറിഞ്ഞതുമുതല്‍ സിപിഐ എം അദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തുവന്നിരുന്നു. സിപിഐ എം എംപിമാര്‍ പാര്‍ലമെന്റിലും പുറത്തും ഈ ആവശ്യമുന്നയിച്ചു. ജില്ലാസെക്രട്ടറി എന്ന നിലയില്‍ താനും മറ്റ് പാര്‍ടി നേതാക്കളും അദ്ദേഹത്തിന്റെ രാമപുരത്തെ വസതിയില്‍ പലവട്ടം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒരു ലക്ഷം കത്തുകള്‍ ജില്ലയിലെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍നിന്നും അയച്ചു. കോട്ടയം നഗരത്തില്‍ വലിയ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് അടക്കമുള്ള പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. മതന്യൂനപക്ഷങ്ങളും വൈദികരും രാജ്യത്തിനകത്തും പുറത്തും നേരിടുന്ന ആക്രമണങ്ങളിലും വിവിധങ്ങളായ വിഷയങ്ങളിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രതിഷേധിച്ചും പാര്‍ടി എക്കാലത്തും മുന്നോട്ടുവന്നിട്ടുണ്ട്. ഫാ. ഉഴുന്നാലിലിന്റെ മോചനത്തിലും പാര്‍ടി ഇതേ നിലപാടാണ് സ്വീകരിച്ചത്. മറ്റ് പല പാര്‍ടികളും ഇതിനുശേഷമാണ് രംഗത്തുവന്നത്. 
  യൂറോപ്പിലാണ് ജനിച്ചിരുന്നതെങ്കില്‍ ഇതിലുംമുമ്പേ താന്‍ മോചിതനായേനെയെന്നാണ് ഫാദര്‍ ഉഴുന്നാലില്‍ പ്രതികരിച്ചത്. മോചനം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച അനാസ്ഥയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതെന്നും  വി എന്‍ വാസവന്‍ പറഞ്ഞു.