Top
24
Friday, November 2017
About UsE-Paper

തിളങ്ങി, അക്ഷരനക്ഷത്രങ്ങള്‍

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരം കോട്ടയം എംടി സെമിനാരി സ്കൂളില്‍ ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനംചെയ്യുന്നു. നടന്‍ മുകേഷ് എംഎല്‍എ സമീപം

 കോട്ടയം > അടിച്ചുപൊളിച്ച് ഒരു മത്സരംകൂടി.. ഒഡീസിയ-ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരങ്ങള്‍ കുട്ടികളില്‍ ആവേശവും ആഹ്ളാദവും നിറച്ച് പൂര്‍ത്തിയായി. ടീമിന്റെ ഒത്തിണക്കവും മത്സരത്തിന്റെ ആവേശവും എല്ലാമായി അക്ഷരമുറ്റം ഇനി സംസ്ഥാനതലത്തിലേക്ക്. ജില്ലയിലെ പതിമൂന്ന് വിദ്യാഭ്യാസ സബ്ജില്ലകളില്‍ നിന്ന് വിജയിച്ചുവന്ന 200-ലധികം വിദ്യാര്‍ഥികളാണ് കോട്ടയം എംടി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന  മത്സരത്തില്‍ മാറ്റുരച്ചത്. 

 

രജിസ്ട്രേഷന്‍ ആരംഭിച്ച രാവിലെ ഒമ്പതുമുതല്‍ കൌണ്ടറുകളില്‍ തിരക്കായിരുന്നു. സബ്ജില്ലയിലെ നാലു സ്ഥാനക്കാര്‍ രണ്ടു ടീമായാണ് മത്സരിച്ചത്. ടീമിന്റെ കൂട്ടായ്മയുമായി കുട്ടികള്‍ വാശിയോടെ മത്സരിച്ചപ്പോള്‍ മത്സരങ്ങള്‍ പലതും ടൈ ആയി. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചും സഡന്‍ ഡെത്ത് വഴിയുമാണ് വിജയികളെ നിശ്ചയിച്ചത്. കുട്ടികളുടെ അറിവിന്റെ വ്യാപ്തിയും മത്സരത്തിനായി അവര്‍ നടത്തിയ തയ്യാറെടുപ്പും എത്രയെന്നു വ്യക്തമാക്കുന്നതായിരുന്നു ചോദ്യങ്ങളോടുള്ള അവരുടെ പ്രതികരണം. ആകാംക്ഷയുമായി രക്ഷിതാക്കളും മത്സരകേന്ദ്രത്തിനു പുറത്ത് കാത്തുനിന്നു. പുത്തന്‍ കൂട്ടുകാരും പുത്തന്‍ അറിവുകളും പുത്തന്‍ ഓര്‍മകളും സമ്പാദിച്ചാണ് അക്ഷരമുറ്റത്തുനിന്ന് ഓരോ മത്സരാര്‍ഥിയും മടങ്ങിയത്.

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും ആദ്യാവസാനമുള്ള നിറസാന്നിധ്യം മത്സരത്തിന്റെ ജനകീയത വര്‍ധിപ്പിച്ചു. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം പൊതുവിജ്ഞാനവും നിരീക്ഷണപാടവവും കൂട്ടിയിണക്കിയ മത്സരം വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദീപമായി. ജില്ലാമത്സരത്തില്‍ ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സ്വപ്നതുല്യമായ സമ്മാനങ്ങള്‍ സംസ്ഥാന വിജയികളെ കാത്തിരിക്കുന്നു. ജില്ലാ മത്സര വിജയികള്‍ക്ക് കലാപരിപാടികളുമായി നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

മത്സരം 'സഫാരി' ചാനല്‍ ഉടമയും ലോക സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. നടന്‍  മുകേഷ് എംഎല്‍എ മുഖ്യാതിഥിയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആര്‍ രഘുനാഥന്‍ അധ്യക്ഷനായി. എംടി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍സ് വര്‍ഗീസ്, എന്‍ജിഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക്, സിപിഐ എം ഏരിയ സെക്രട്ടറി എം കെ പ്രഭാകരന്‍, ദേശാഭിമാനി ചീഫ് സര്‍ക്കുലേഷന്‍ മാനേജര്‍ പ്രദീപ് മോഹന്‍, ചീഫ് റിപ്പോര്‍ട്ടര്‍ എസ് മനോജ് എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജര്‍ രഞ്ജിത് വിശ്വം സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ ഓഡിനേറ്റര്‍ പി ആര്‍ സാബു നന്ദിയും പറഞ്ഞു.