21 June Thursday

യാത്ര നല്‍കുന്ന പാഠം മറ്റൊന്നിനും നല്‍കാനാവില്ല: സന്തോഷ് ജോര്‍ജ് കുളങ്ങര

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017
കോട്ടയം > നല്ലൊരു യാത്ര നല്‍കുന്ന അനുഭവവും അറിവും ഒരു പാഠപുസ്തകത്തിനും നല്‍കാനാവില്ലെന്ന് ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. യാത്ര ഇന്ത്യക്കാരുടെ സ്വഭാവമായി ഇനിയും മാറിയിട്ടില്ല. അന്വേഷണപരതയാണ് ഓരോ വിജ്ഞാനത്തിലേക്കും നമ്മളെ നയിക്കുന്നത്. അക്ഷരമുറ്റം മത്സരത്തിലെ സംസ്ഥാന വിജയികള്‍ക്ക് നല്‍കുന്ന സമ്മാനങ്ങളിലൊന്ന് വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയാണെന്നത് സന്തോഷകരമാണ്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് കോട്ടയം ജില്ലാതല മത്സരം കോട്ടയം എംടി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ യാത്രയുടെയും മടക്കത്തില്‍ ഞാന്‍ ചിന്തിക്കുന്നത് എന്റെ നാട്ടുകാര്‍ക്ക് ഇവയൊക്കെ കാണാന്‍ അവസരം കിട്ടുന്നില്ലല്ലോ എന്നാണ്. മലയാളികള്‍ ജോലിക്കായി ലോകത്ത് എവിടെയും പോകും. എന്നാല്‍ താമസിക്കുന്ന രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും അവര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അമേരിക്കയില്‍ തകര്‍ക്കപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന സ്ഥലം കാണാന്‍ പോയത് വര്‍ഷങ്ങളായി അമേരിക്കയിലുള്ള ബന്ധുവിനൊപ്പമാണ്. അതുവരെ അദ്ദേഹം ട്രേഡ് സെന്റര്‍ നിന്നിരുന്ന പ്രദേശത്ത് വന്നിട്ടേ ഉണ്ടായിരുന്നില്ല. സെന്റ് ലൂസിയ എന്ന കരീബിയന്‍ ദ്വീപില്‍ സഞ്ചരിക്കാനിടയായി. ഒന്നര ലക്ഷം ജനങ്ങള്‍ മാത്രമുള്ള കൊച്ചുദ്വീപില്‍ നോബല്‍ സമ്മാനം നേടിയ രണ്ടുപേരുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. മൂന്നരക്കോടി പ്രബുദ്ധരും വിദ്യാസമ്പന്നരുമായ ജനങ്ങളുള്ള കേരളത്തില്‍നിന്ന് എന്തുകൊണ്ട് ഒരാള്‍ക്ക് നോബല്‍സമ്മാനം നേടാനാകുന്നില്ല. മലയാളിയുടെ അന്വേഷണപരതയില്ലായ്മയാണ് അതിനു കാരണം. ഉള്ളിലെ പ്രതിഭ എന്തായാലും അത് പൊടിതട്ടിയെടുത്ത് വികസിപ്പിച്ചാല്‍ എല്ലാവര്‍ക്കും വലിയവരാകാം. അതിന് അക്ഷരമുറ്റം ക്വിസ് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top