15 October Monday
സിഎംഎസ‌് ക്യാമ്പസിൽ

ചൈനീസ‌് വിഭവങ്ങളൊരുക്കി ‘രസാസി’ കഫേ

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

സിഎംഎസ്‌ കോളേജിലെ ഹോംസയൻസ്‌ ഡിപാർട്‌മെന്റ്‌ വിദ്യാർഥികൾ നടത്തിയ ഫുഡ്‌ഫെസ്‌റ്റിൽ ചൈനീസ്‌ വിഭവങ്ങൾ വിളമ്പുന്നു

കോട്ടയം
കോളേജ‌് ക്യാമ്പസിലെ മരത്തണലിൽ ഒരുക്കിയ താൽക്കാലിക കഫേ കണ്ട‌് അവിടേക്ക‌് എത്തിയ വിദ്യാർഥികൾ ആദ്യമൊന്നമ്പരന്നു. നടന്നുനടന്ന‌് നമ്മൾ ചൈനയിലെത്തിയോ എന്നായി. ചൈനീസ‌് വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സുന്ദരികളായ പെൺകുട്ടികൾ സ്വാദിഷ്ടമായ ചൈനീസ‌് ഭക്ഷണം വിളമ്പുന്നു. കഫേയുടെയും വിഭവങ്ങളുടെയും പേരുകളിലും വിളമ്പുന്ന രീതിയിലുമൊക്കെ ഒരു ചൈനീസ‌് ടച്ച‌്. പരിസരമാകെ ഭക്ഷണത്തിന്റെ  കൊതിപിടിപ്പിക്കുന്ന ഗന്ധം. അടുത്തുചെന്ന‌് വിവരങ്ങൾ തിരക്കിയപ്പോഴാണ‌്, കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ ഒരുക്കിയ ഫുഡ‌് ഫെസ‌്റ്റാണെന്ന‌് മനസ്സിലായത‌്. പിന്നെ ഒട്ടും മടിച്ചില്ല. 20  മിനിറ്റുകൊണ്ട‌് വിഭവങ്ങളൊക്കെ കാലിയാക്കി.
കോട്ടയം സിഎംഎസ‌് കോളേജിലെ എംഎസ‌്സി ഫാമിലി ആൻഡ‌് കമ്യൂണിറ്റി സയൻസ‌് ഡിപ്പാർട്ടുമെന്റിലെ രണ്ടാംവർഷ ഡയറ്റിക‌്സ‌് ആൻഡ‌് ഫുഡ‌് സർവീസ‌് മാനേജ‌്മെന്റ‌്  വിദ്യാർഥികളാണ‌് ‘രസാസി’ എന്ന പേരിൽ ചൈനീസ‌് ഫുഡ‌് ഫെസ‌്റ്റ‌് ഒരുക്കിയത‌്. 
രസാസി എന്ന വാക്കിന്റെ അർഥംതന്നെ വിശപ്പടക്കുക എന്നാണ‌്. ഒരു മെയിൻ ഡിഷ‌ും അതിന്റെ സൈഡ‌് ഡിഷും സ‌്നാക‌്സ‌്, ജ്യൂസ‌് ഡെസേർട്ട‌് എന്നിവയാണ‌് തയ്യാറാക്കിയത‌്. ഡാസുവാൻ, ചബിഫാൻ, ലജിയാവോജി, സാൻസാങ‌് ബജിങ‌്, മുഹുഗാവാ ഗോഴി, മിയാൻടിയാഗൺ എന്നിങ്ങനെയാണ‌് അവയ‌്ക്ക‌് നൽകിയ പേരുകൾ.  രണ്ടാംവർഷ പി ജി കോഴ‌്സിലെ ആറ‌് വിദ്യാർഥിനികൾ ചേർന്ന‌്  ആകെ 50 പേർക്കുള്ള ഭക്ഷണമാണ‌് ഒരുക്കിയിരുന്നത‌്. 
സിലബസിന്റെ ഭാഗമായുള്ള പ്രാക്ടിക്കലായാണ‌് ഭക്ഷ്യമേള സംഘടിപ്പിച്ചതെങ്കിലും ചൈനീസ‌് വിഭവങ്ങൾ ഇതിനായി തെരഞ്ഞെടുത്തതോടെ മേളയുടെ രൂപവും ഭാവവുമൊക്കെ ചൈനീസ‌് രീതിയിലേക്ക‌് മാറ്റുകയായിരുന്നു. 
120, 25, 15,10 എന്നിങ്ങനെയാണ‌് വിഭവങ്ങൾക്ക‌് വില നിശ‌്ചയിച്ചിരുന്നത‌്. വില്പനയിൽനിന്ന‌് ലഭിക്കുന്ന ചെറിയ വരുമാനം ഡിപ്പാർട്ട‌്മെന്റ‌് ഫണ്ടിൽ നിക്ഷേപിക്കും. സൂസൻ, അഞ്ജലി, നോവ, അക്ഷയ, രഞ്ജിനി, ലക്ഷ‌്മി എന്നീ വിദ്യാർഥിക‌ളാണ‌് വിഭവങ്ങളൊരുക്കിയയത‌്. വകുപ്പ‌് മേധാവി മെറിൻ മാണി, അധ്യാപികമാരായ രേണു ഏബ്രഹാം, ഷെറിൻ തോമസ‌്, കവിത എന്നിവരും എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു. 
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ‌്റ്റിൽ വെള്ളിയാഴ‌്ച ഇന്ത്യൻ വിഭവങ്ങളാണ‌് ഒരുക്കുന്നത‌്. നാലുകെട്ടും തൂശനിലയും എന്ന പേരിലാണിത‌്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top