16 October Tuesday

കൂട്ടുകാർ രക്ഷകരായി; അനന്തകൃഷ്ണന്‌ പുതുജീവൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

അനന്തകൃഷ്‌ണൻ(നടുവിൽ) അരുണിനും വിനീതിനുമൊപ്പം

 ചെങ്ങളം 

അനന്തകൃഷ്ണന‌് ഇനി കൂട്ടുകാർ സമ്മാനിച്ച പുതിയജീവിതമാണ്. ചെങ്കളത്ത‌് സൈക്കിൾ തോട്ടിലേക്ക് മറിഞ്ഞു ഒഴുക്കിൽപ്പെട്ട‌് മുങ്ങിത്താഴ‌്ന്ന അനന്തകൃഷ്ണനെ ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റിയത് കൂട്ടുകാരായ അരുണും വിനീതും. ചെങ്ങളം കേളക്കേരിൽ ചെത്ത് തൊഴിലാളിയായ ബിജുവിന്റെയും അനീഷയുടെയും ഏക മകൻ  ചെങ്ങളം ഗവ. എൽപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്തകൃഷ്ണനാണ് സുഹൃത്തുക്കളായ വിനീതും അരുണും ജീവിതത്തിലേക്ക‌് കൈപിടിച്ച‌് കയറ്റിയത‌്. 
വെള്ളിയാഴ്ച രാവിലെ ഏഴിനാണ‌് ചെങ്ങളം കേളക്കേരിൽ, അടുത്തുള്ള വീട്ടിൽ ട്യൂഷന് പോകുന്ന വഴി റോഡിൽ നിന്നും സൈക്കിൾ തെന്നി അനന്തകൃഷ്ണൻ തോട്ടിലേക്ക‌് വീണത്. നീന്തൽ അറിയില്ലാത്തതിനാലും മഴവെള്ള പാച്ചിലും കാരണം തോട്ടിൽ  ഒഴുക്ക് ശക്തമായിരുന്നതിനാൽ അനന്തകൃഷ്ണൻ വെള്ളത്തിൽ പലതവണ  മുങ്ങിത്താഴ്ന്നു. മുങ്ങുപ്പൊങ്ങുന്നതിനിടയിൽ അലറിവി‌ളിക്കുന്നത‌്  കേട്ടാണ‌് വിനീത് വെള്ളത്തിലേക്ക് എടുത്തു ചാടിയത‌്. വിനീത‌് കുറേ പണിപ്പെട്ടിട്ടും തനിച്ച‌് അനന്തകൃഷ്ണനെ കരയ്‌ക്കെത്തിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതും അരുണും വെള്ളത്തിലേക്ക‌് എടുത്ത് ചാടുകയായിരുന്നു. ഇവർ രണ്ടുപേരും ചേർന്ന് അനന്തകൃഷ്ണനെ വളരെ പണിപ്പെട്ട് കരയ്‌ക്കെത്തിച്ചു. ആനന്ദ കൃഷ്ണൻ പേടിച്ച‌് അബോധാവസ്ഥയിലായി. മുങ്ങിത്താഴ്ന്നപ്പോൾ വെപ്രാളത്തിൽ വെള്ളം കുടിച്ചു. മകൻ വെള്ളത്തിൽ വീണെന്ന് അറിഞ്ഞെത്തിയ അമ്മ അനീഷയും സമീപ വാസികളും ചേർന്ന്  കോട്ടയം ഐസിഎച്ച‌് ആശുപത്രയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തോടിനു രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ട്. മീനച്ചിലാറിന്റെ കൈവഴിയാണ്  കേളക്കേരി തോട്. 300  മീറ്റർ മാത്രമാണ് മീനച്ചിലാറിലേക്കുള്ള ദൂരം. മഴ കാരണം അടിയൊഴുക്ക് ഉണ്ടായിരുന്നു. വിനീതിന്റെയു അരുണിന്റെയും അവസരോചിതമായ ഇടപെടൽ വലിയൊരു അപകടത്തിൽ നിന്നുമാണ് അനന്തകൃഷ്ണനെ രക്ഷിച്ചത്. അപകടത്തിൽപ്പെട്ട സൈക്കിൾ 50 മീറ്റർ അകലെ നിന്നാണ് സമീപവാസികൾ മുങ്ങിയെടുത്തത‌്. മകനെ രക്ഷിച്ച കുട്ടികളോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന്  അനന്തകൃഷ്ണന്റെ അമ്മ  അനീഷ പറഞ്ഞു.    
   വളരെ ഇടുങ്ങിയ വഴിയും ശക്തമായ മഴയും  ഉണ്ടായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയാഞ്ഞതാണ് അനന്തകൃഷ്ണൻ വെള്ളത്തിൽ വീഴാൻ പ്രധാന കാരണം.മൂന്നു പേരും ഉറ്റ സുഹൃത്തുക്കളാണ്. സ്വന്തം ജീവൻ പോലും നോക്കാതെ തന്റെ സുഹൃത്തിനെ രക്ഷിച്ച വിനീതിനും അരുണിനും അഭിനന്ദന പ്രവാഹമാണ്.  വിനീത്  മണലാടി ബിജുവിന്റെയും സുമിയുടെയും മകനും എസ വിജിവിപി  തിരുവാർപ്പ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ്.  പാട്ടത്തിച്ചിറ കിഷോറിന്റെയും ലതയുടെയും മകനും ചെങ്ങളം ഗവ. യുപി സ്കൂളിലെ ഏഴാംക്ലാസ‌് വിദ്യാർഥിയുമാണ് അരുൺ.
പ്രധാന വാർത്തകൾ
Top