21 August Tuesday

ജനമനസ്സറിഞ്ഞ‌് വി ആർ ബിയുടെ കണക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 

കോട്ടയം
കോട്ടയത്തെ സമീപ കാലത്തെ ഓരോ ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോഴും മാധ്യമങ്ങൾക്ക് വി ആർ ബിയെ വേണം. ആരായിരിക്കും കോട്ടയത്തെ വിജയിയെന്നറിയാൻ ബാലറ്റ്പെട്ടി പൊട്ടിക്കേണ്ടതില്ല, വി ആർ ബിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മാധ്യമപ്രവർത്തകർ പോലും പറഞ്ഞിരുന്നത്. കാരണം മറ്റൊന്നുമല്ല, പോൾ ചെയ്ത വോട്ട് കണക്കുകൂട്ടി വിആർ ബി നടത്തുന്ന പ്രവചനം അണുവിട തെറ്റില്ല. 
1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടം. കോട്ടയത്ത് ഇടതുപക്ഷമുന്നണി സ്ഥാനാർഥിയായി മത്സരിച്ചത് സിപിഐ എമ്മിലെ കെ സുരേഷ്കുറുപ്പ്. ഇന്ദിരാഗാന്ധി വധത്തിന്റെ സഹതാപതരംഗം അലയടിക്കുന്ന ഘട്ടത്തിലും വി ആർ ബി അസന്നിഗ്ധമായി പ്രഖ്യാപിച്ചു...ഇവിടെ സുരേഷ് കുറുപ്പ് തന്നെ ജയിക്കും. 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹം പ്രവചിച്ചത്. വോട്ടുപെട്ടി പൊട്ടിച്ചപ്പോൾ വി ആർ ബിയുടെ പ്രവചനത്തെ കാര്യമാക്കാതിരുന്നവർ പോലും അത്ഭുതപ്പെട്ടു. 5000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം. 
പിന്നീട‌് വന്ന തെരഞ്ഞെടുപ്പുകളിൽ കണക്ക‌് ആധികാരികമായി. പാർടിയുടെ ബൂത്തുതലം വരെയുള്ള പ്രവർത്തകരിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വി ആർ ബി കാച്ചിക്കുറുക്കി തെരഞ്ഞെടുപ്പു വിജയിയെ പ്രവചിച്ചിരുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നപ്പോഴെല്ലാം അല്ലാത്തപ്പോഴുമെല്ലാം പാർടി പ്രവർത്തകരിൽ നിന്നുള്ള കണക്കുകൾക്കൊപ്പം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന ഘടകങ്ങളെല്ലാം അദ്ദേഹം നന്നായി മനസ്സിലാക്കും. ഇതെല്ലാം കൂട്ടിക്കിഴിച്ച് ഏകദേശ ഭൂരിപക്ഷം പറയും. ഇതെല്ലാം എങ്ങനെ സാധ്യമാകുന്നുവെന്ന് വി ആർ ബി യോട് ചോദിച്ചാൽ, "അതെല്ലാം ഞങ്ങളുടെ പാർടിക്ക് കൃത്യമായ അടിത്തറയും കണക്കുമുണ്ടെന്ന്' മറുപടിയും. ബൂത്തുതലങ്ങളിൽ നിന്നുള്ള കണക്കുകൾ തെരഞ്ഞെടുപ്പു കഴിയുന്നതോടെ വി ആർ ബിയുടെ കരങ്ങളിലെത്തും. പിന്നെ എല്ലാ ദൃഷ്ടിയും വി ആർ ബിയിലേയ്ക്ക്. വിആർബിയുടെ കണക്ക് ആദ്യം പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നതും തെരഞ്ഞെടുപ്പു കാലങ്ങളിലെ കാഴ്ചയായി. 
ഒരിക്കൽ പോലും വി ആർ ബിയുടെ കണക്ക് പിഴച്ചില്ല. ഇടതുപക്ഷ സ്ഥാനാർഥി പരാജയം മണക്കുമ്പോഴും വി ആർ ബിയുടെ കണക്കുകൂട്ടൽ പിശകിയിട്ടില്ല. പക്ഷെ, അതൊന്നും മാധ്യമങ്ങളോട് വ്യക്തമാക്കാറില്ലെന്നു മാത്രം.
 
 
 
പ്രധാന വാർത്തകൾ
Top