21 November Wednesday
നെഹ‌്റുട്രോഫി ജലമേള നാളെ പുന്നമടക്കായലിൽ

പട്ടാളവും ഇതര സംസ്ഥാനക്കാരുമില്ല; തുഴമുറുക്കി കുമരകംകാർ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

നെഹ്‌റു ട്രോഫി വള്ളംകളിക്കായി കുമരകം എൻസിഡിസി ബോട്ട്‌ ക്ലബ്‌ ചന്പക്കുളം ചുണ്ടനിൽ കരീമഠംതോട്ടിൽ പരിശീലനതുഴച്ചിൽ നടത്തുന്നു

 

 
കോട്ടയം
പട്ടാളവും ഇതരസംസ്ഥാനക്കാരുമില്ല, തുഴയെറിയാൻ കുമരകത്തുകാർ മാത്രം. പുന്നമടയുടെ ഓളപ്പരപ്പിൽ  ആരവമുയരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കരയിലാകെ ആവേശം. പ്രളയംമൂലം മാറ്റിവച്ച നെഹ‌്റുട്രോഫി ജലമേളയിൽ ഒഴുകിപ്പോയ പഴയ ആവേശം തിരികെപ്പിടിക്കാനുള്ള വാശിയേറിയ തയ്യാറെടുപ്പിലാണ‌് കുമരകത്തുകാർ. വെള്ളവും വള്ളവും എന്നും കൈക്കിണങ്ങിയ കുമരകത്തുനിന്ന‌് ഇക്കുറി അഞ്ചു ചുണ്ടൻ വള്ളങ്ങളാണ‌് പുന്നമടയിലേക്ക‌് കുതിക്കുന്നത‌്. അവസാനവട്ട പരിശീലനത്തുഴച്ചിൽ വെള്ളിയാഴ‌്ച നടക്കും. നെഹ‌്റുട്രോഫി ജലമേള ശനിയാഴ്‌ചയാണ്‌. കാരിച്ചാൽ ചുണ്ടനിൽ കുമരകം ബോട്ട‌്ക്ലബും നടുഭാഗം ചുണ്ടനിൽ കുമരകം ടൗൺ ബോട്ട‌്ക്ലബും ദേവാസ‌് ചുണ്ടനിൽ കുമരകം വേമ്പനാട‌് ബോട്ട‌്ക്ലബും ചമ്പക്കുളം ചുണ്ടനിൽ എൻസിഡിസി ബോട്ട‌്ക്ലബും ശ്രീവിനായകനിൽ നവധാര ബോട്ട‌്ക്ലബുമാണ‌് കോട്ടയത്തുനിന്ന‌് പുന്നമടക്കായലിൽ ആവേശത്തുഴയെറിയാൻ എത്തുന്നത‌്. പട്ടാളവും നേവിയും ഇതര സംസ്ഥാനത്തുനിന്നുള്ളവരും അടക്കം അണിനിരത്തി ഒരുമാസത്തോളം നീണ്ട പരിശീലനം നടത്തി മത്സരത്തിനുള്ള തയ്യാറെടുപ്പ‌് പൂർത്തിയായ ഘട്ടത്തിലാണ‌് പ്രളയത്തെത്തുടർന്ന‌് ജലമേള മാറ്റിവച്ചത‌്. അതുകൊണ്ടുതന്നെ ഇത്തവണ കാര്യമായ പരിശീലനമില്ലാതെ കരക്കാരാണ‌് ചുണ്ടൻവള്ളങ്ങളിൽ തുഴയുന്നത‌്. 
 
ജലോത്സവങ്ങളുടെ ഒളിമ്പിക‌്സ‌് എന്നറിയപ്പെടുന്ന നെഹ‌്റുട്രോഫി ജലമേള  ആഗസ‌്ത്‌ മാസത്തിലെ രണ്ടാം ശനിയാഴ‌്ചയാണ‌് പുന്നമടക്കായലിൽ മുൻവർഷങ്ങളിൽ അരങ്ങേറിയിരുന്നത‌്. പ്രളയത്തെത്തുടർന്ന‌് ഇത്തവണത്തെ വള്ളംകളി മാറ്റിവയ‌്ക്കാൻ എൻടിബിആർ(നെഹ‌്റു ട്രോഫി ബോട്ട‌് റേസ‌്) സൊസൈറ്റി തീരുമാനിക്കുകയായിരുന്നു. 25 മുതൽ 30 ദിവസംവരെ ചുണ്ടൻവള്ളങ്ങൾ ശക്തമായ തുഴച്ചിൽ പരിശീലനവും മറ്റു തയ്യാറെടുപ്പുകളും നടത്തി മത്സരത്തിനായി ഒരുങ്ങിയിരിക്കെയാണ‌് വള്ളംകളി മാറ്റിയത‌്. ഒരുദിവസത്തെ പരിശീലനത്തിന‌് രണ്ടുലക്ഷത്തോളം രൂപയാണ‌് ഓരോ ബോട്ട‌് ക്ലബുകളും ചെലവിട്ടത‌്. 45 ലക്ഷത്തോളം രൂപ ഇതിനുമാത്രമായി ചെലവഴിച്ചു. ജലമേള നടക്കാതായതോടെ ക്ലബുകളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. ചുണ്ടൻവള്ളങ്ങളുടെ ബോണസിൽ രണ്ടുലക്ഷം രൂപയുടെ വർധന ഇക്കുറി വരുത്തിയിട്ടുണ്ട‌്. ബോട്ട‌്ക്ലബുകളുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിത‌്. 
കഴിഞ്ഞ തവണ ബിഎസ‌്എഫ‌് ജവാന്മാരെ അണിനിരത്തിയായിരുന്നു ദേവസ‌് ചുണ്ടൻ പരിശീലനം നടത്തിയിരുന്നത‌്.  മണിപ്പൂർ, കാശ‌്മീർ യുവാക്കളെ മറ്റ‌് ചുണ്ടൻവള്ളങ്ങളും അണിനിരത്തിയിരുന്നു. എന്നാൽ ഒരാഴ‌്ചയോളം മാത്രമാണ‌് ഇത്തവണ പരിശീലനമുള്ളത‌്. കരക്കാരിൽനിന്ന‌് മികച്ച തുഴച്ചിൽകാരെ കണ്ടെത്തി അവർക്ക‌് പരിശീലനം നൽകിയാണ‌് ടീമിനെ ഒരുക്കിയിരിക്കുന്നത‌്. ഹീറ്റ‌്സിൽ മികച്ച സമയം കുറിക്കാനാണ‌് ഓരോ ടീമുകളും ശ്രമിക്കുന്നത‌്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ‌് ചെയ്യുന്ന വള്ളങ്ങളെയാണ‌് ഫൈനലിൽ അണിനിരത്തുന്നത‌്. അതിനാൽതന്നെ ആദ്യമത്സരം മുതൽതന്നെ ഓളപ്പരപ്പിൽ തീപാറും.
 
 
 
പ്രധാന വാർത്തകൾ
Top