19 November Monday

കെടുതിയൊഴിയാതെ പരിപ്പ് തൊള്ളായിരം നിവാസികൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

 
 
കോട്ടയം
ആ ദിനങ്ങൾ ഞങ്ങൾക്ക് മറക്കാനാകുന്നില്ല.... കുത്തൊഴുക്ക് വീടിനെ വളഞ്ഞ്  സർവതും വെള്ളം വിഴുങ്ങിയത്....പരിപ്പ് തൊള്ളായിരം പാടശേഖരത്തിന്(വരമ്പിനകം) സമീപം താമസിക്കുന്ന ചേന്നംചിറ മോനി എന്ന കർഷകന്റെ മുഖത്ത‌്  ഇന്നും മാറാത്ത ഭീതിയുടെ തിരയിളക്കം. 
രാത്രി പത്തുവരെ മോനിയും ഭാര്യ സുനിലയും മക്കളുമൊത്ത് വീട്ടിൽത്തന്നെ കഴിഞ്ഞു.  വെള്ളം കുതിച്ചുയരുന്നതറിഞ്ഞ‌് ബന്ധുക്കൾ ഫോണിൽ വിളിച്ചു. തുടർന്ന് ഇവർ വള്ളത്തിൽ കുടുംബസമേതം അവിടേക്ക് പോയി. കിടന്നിട്ട് ഉറക്കം വരാതിരുന്ന മോനി പതിനൊന്നോടെ തിരികെ വള്ളത്തിൽ വീട്ടിലെത്തി പശുക്കിടാവ‌് അടക്കമുള്ള മിണ്ടാപ്രാണികളെ വള്ളത്തിൽ ഇക്കരെയെത്തിച്ചു. പിറ്റേന്ന‌് എത്തിയപ്പോൾ മനസ്സുമരവിപ്പിക്കുന്ന കാഴ‌്ചയാണ‌് കണ്ടത‌്. വീട‌് പൂർണമായും മുങ്ങിയിരിക്കുന്നു.  ഇഷ്ടികയിൽ ഉയർത്തിവച്ച അലമാരയക്ക് മുകളിൽവരെ വെള്ളം കയറി. വീടിന്റെ മുൻവശം പൂർണമായും ഇടിഞ്ഞു വീണു. വീട്ടുപകരണങ്ങൾ വസ്ത്രങ്ങൾ, പാത്രങ്ങൾ, കട്ടിൽ, കസേര അടക്കം എല്ലാം നശിച്ചു. പലതും വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. എന്തുചെയ്യണമെന്നറിയാതെ ഏറെനേരം അവിടെനിന്നു. പിന്നീട് ഒളശ്ശയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറി.  ഈ കുടുംബം  ബന്ധുവീട്ടിൽ അഭയംതേടി. ഒരു മാസമായി ഇവർ വീടുവിട്ടിറങ്ങിയിട്ട്. 
കൃഷിക്കാരനായ മോനി പാട്ടത്തിനെടുത്ത ഒരേക്കറിൽ വിത്തു വിതച്ചതിന്റെ പിറ്റേന്നാണ് ആദ്യവെള്ളപ്പൊക്കമുണ്ടായത്. അതിൽ വിതപൂർണമായും നശിച്ചു. പാടത്ത് കയറിയ വെള്ളം വറ്റിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ മഹാപ്രളയം. ഇതോടെ കൃഷിയെന്ന സ്വപ്നം അവസാനിച്ചു.  
പരിപ്പ് തൊള്ളായിരം ഭാഗത്തു താമസിക്കുന്നവരുടെ എല്ലാവരും ഇതേ ദുരവസ്ഥയാണ് അനുഭവിക്കുന്നത‌്. പ്രളയത്തിൽ പാടവും സമീപത്തുള്ള മീനച്ചിലാറും തിരിച്ചറിയാൻ പറ്റാത്തവിധം നിരന്നൊഴുകി. എല്ലായിടത്തും വെള്ളം ഇറങ്ങിയിട്ടും ഇവിടെ ഇപ്പോഴും വെള്ളക്കെട്ട‌് തുടരുകയാണ‌്. 
ആദ്യ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയെങ്കിലും ഇത്രയും വെള്ളം എത്തുന്നത് ഇതാദ്യം. വീടിന്റെ പരിസരത്ത‌് ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നു.  250 ഓളം കുടുംബങ്ങളാണ് തൊള്ളായിരം പാടത്തിന് ചുറ്റുമായി താമസിക്കുന്നത്. വെള്ളം കയറിയതോടെ പലരും വീടുവിട്ടു‌. ഇവരുടെ വീടുകളിലേക്കുള്ള വഴിയിൽ ഒരാൾപൊക്കത്തിൽ ഇപ്പോഴും വെള്ളമുണ്ട്. പാടവും ആറും ഇപ്പോഴും വേർതിരച്ചറിയാൻ കഴിയാത്തവിധം നിറഞ്ഞ‌ുകിടക്കുന്നു. 
 
പ്രധാന വാർത്തകൾ
Top