16 November Friday

ജില്ലയിൽ പ്രത്യേക ധനസമാഹരണം 11 മുതൽ 15 വരെ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 കോട്ടയം 

ജില്ലയിൽ 11 മുതൽ 15 വരെ തീയതികളിൽ പ്രത്യേക ധനസമാഹരണം നടത്തുമെന്ന് മന്ത്രിമാരായ ഡോ. തോമസ് ഐസക്കും കെ രാജുവും അറിയിച്ചു. ഇതിനുളള തയ്യാറെടുപ്പുകൾ ജില്ലയിലെ വകുപ്പ് മേധാവികൾ നടത്തണം. കലക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. 
 11 നും 13 മുതൽ 15 വരെയും മന്ത്രി തോമസ് ഐസക്കും 11 മുതൽ 15 വരെ മന്ത്രി കെ രാജുവും ധനസമാഹരണത്തിന് ജില്ലയിലുണ്ടാകും. 11 ബ്ലോക്കുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി തെരഞ്ഞെടുത്ത 15 സ്ഥലങ്ങളിലാണ് ധനസമാഹരണം നടത്തുക. ഇതിനുളള തയ്യാറെടുപ്പുകൾ ഗ്രാമവികസന അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമീഷണർ നിർവഹിക്കണം. ഇതിനായി തയ്യാറാക്കിയ പട്ടിക അനുസരിച്ച് കലക്ടർ ഡോ. ബി എസ് തിരുമേനി വ്യക്തിപരമായി കത്തുകൾ നൽകും. ഇവ അതത് ജില്ലാതല ഉദ്യോഗസ്ഥർ വ്യക്തികൾക്ക്  നേരിട്ട് കൈമാറും. 20 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ കഴിയുന്ന വ്യക്തികളോട് മന്ത്രി ഡോ. തോമസ് ഐസക്  നേരിട്ട് സംസാരിക്കും. ധനസമാഹരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക്/മുനിസിപ്പാലിറ്റി  പ്രസിഡന്റ് അധ്യക്ഷനായ സംഘാടകസമിതി അതത് സ്ഥലങ്ങളിൽ ചേരണമെന്ന് മന്ത്രി തോമസ് ഐസക് നിർദ്ദേശിച്ചു. 11 ന് സ്കൂൾ കുട്ടികളുടെ പ്രത്യേക ഫണ്ട് സമാഹരണം നടത്തണമെന്ന് മന്ത്രി കെ രാജു നിർദേശിച്ചു.
പ്രളയത്തിൽ പൂർണമായും മുങ്ങിയ പഞ്ചായത്തുകളിലെ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭിച്ചെന്ന് ഉറപ്പാക്കാൻ  കലക്ടറോട് മന്ത്രി നിർദേശിച്ചു. മറ്റു പഞ്ചായത്തുകളിൽ പൂർണമായും മുങ്ങിയ വാർഡുകളിലെ  എല്ലാ കുടുംബങ്ങളേയും പരിഗണിക്കണം. ചില സ്ഥലങ്ങൾ മാത്രം വെള്ളത്തിൽ മുങ്ങിയ പഞ്ചായത്തുകളിൽ മാത്രം പ്രത്യേക പട്ടിക തയ്യാറാക്കിയാൽ മതിയെന്നും മന്ത്രി തോമസ് ഐസക് നിർദ്ദേശിച്ചു. 
വീടുകളുടെ നാശങ്ങളുടെ കണക്കെടുപ്പ് ജിയോടാഗ് ചെയ്യുന്നതിന് വീണ്ടും  ഡാറ്റാ കളക്ഷൻ ആവശ്യമില്ലെന്നും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ  വിവര ശേഖരണം 75 ശതമാനം പൂർത്തിയായതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. റോഡുകളുടെ നാശങ്ങളുടെ കണക്കെടുപ്പും വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ 150 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിനുളള ലേബർ ബജറ്റ് വേഗത്തിൽ പൂർത്തിയാക്കണം. സെപ്തംബർ 15 ന് ജില്ലയിൽ ഭൂമിദാനം ചെയ്യുന്നതിന് തയ്യാറായിട്ടുള്ളവരുടെ യോഗം വിളിക്കാനും മന്ത്രി നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ,  എഡിഎം ഇൻ ചാർജ് അലക്സ് ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top