23 September Sunday
കേരളം രാജ്യത്തിന‌് മാതൃക

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ ദേശീയതയുടെ വക്താക്കളാകുന്നു: സ്വാമി അഗ്നിവേശ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന മൗന ഉപവാസം സാമൂഹ്യപ്രവർത്തക ദയാബായി ഉദ‌്ഘാടനംചെയ്യുന്നു. സ്വാമി അഗ്നിവേശ് സമീപം

 

ചങ്ങനാശേരി

ശ്രീബുദ്ധന്റെയും ഗാന്ധിജിയുടെയും പാതവിട്ട് അക്രമത്തിന്റെ മാർഗത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ഭരണസംവിധാനത്തിന്റെ കീഴിലാണ് നാം ജീവിക്കുന്നതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ ഒരുദിവസംപോലും പങ്കെടുക്കാത്തവർ ദേശീയതയുടെ വക്താക്കളാകുന്ന കാപട്യത്തിന്റെ നടുവിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കീടനാശിനികൾ നിരോധിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക, കേരളത്തെ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുക, മതസൗഹാർദ്ദം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന നാലുദിവസത്തെ മൗന ഉപവാസത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അഗ്നിവേശ് . 

കേരളം രാജ്യത്തിന‌് മാതൃകയാണ്. സംസ്ഥാന സർക്കാരും പൊലീസും തനിക്ക് സുരക്ഷയൊരുക്കി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപി ഭരണം പൂർണ പരാജയമാണ്. ജാർഖണ്ഡിൽ സംഘപരിവാർ ശക്തികൾ തന്നെ വേട്ടയാടി. കേരളത്തിൽ തുടർന്നും വരും. ഇവിടെയെത്തിയപ്പോഴാണ് പ്രത്യേക സുരക്ഷ തനിക്ക് ആവശ്യമില്ലെന്ന‌് മനസ്സിലായത‌്. കേരളത്തിന്റെ മതേതര മനസ്സുകൊണ്ടാണ്  ഇവിടെ ആർഎസ്എസിന് വളരാൻ കഴിയാത്തത്. ബിജെപിയും മോഡിയും ഇന്ത്യയെ നശിപ്പിക്കുകയാണെന്നും അഗ്നിവേശ് പറഞ്ഞു.

സാമൂഹ്യപ്രവർത്തക ദയാബായി സമ്മേളനം ഉദ‌്ഘാടനംചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന കീടനാശിനികളുടെ ഏറ്റവും വലിയ വിപണന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് ദയാബായി പറഞ്ഞു. 

മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ അധ്യക്ഷനായി. ഡോ. ജേക്കബ് വടക്കൻചേരി, ഡോ. പി ടി ബാബുരാജ്, ഫാ.  ജോസഫ് വർഗീസ്, ഫാ. ദാസ് ജോർജ‌്, നഗരസഭാംഗം അഡ്വ. പി എ നസീർ, ജസ്റ്റിൻ ബ്രൂസ്, കെ വി സുഗതൻ, സണ്ണി പുത്തൻപുരയ്ക്കൽ, ഷിബു ജോയി, ആന്റണി ഇളപ്പുങ്കൾ എന്നിവർ സംസാരിച്ചു. ഒമ്പതിനാണ‌് സമാപനസമ്മേളനം.

 

 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top