14 November Wednesday

സിഐടിയു ദക്ഷിണമേഖലാ ജാഥ 9 ന‌് വൈക്കത്ത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018
കോട്ടയം
സിഐടിയുവിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള നയിക്കുന്ന ദക്ഷിണ മേഖലാ ജാഥയ്ക്ക് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വൈക്കത്ത് ബോട്ട്ജെട്ടിയിൽ സ്വീകരണംനൽകും. മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ആയിരക്കണക്കിന് തൊഴിലാളികളുടെ അകമ്പടിയോടെ ജാഥാ ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും മുനിസിപ്പൽ ജങ്ഷനിൽനിന്നും സ്വീകരണവേദിയിലേയ്ക്ക് ആനയിക്കും. വെള്ളിയാഴ്്ച കടുത്തുരുത്തി എസ്ബിഐ, ഏറ്റുമാനൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡ‌്, പാലായിൽ എസ്ബിഐ, കാഞ്ഞിരപ്പള്ളിയിൽ പേട്ട ജങ്ഷൻ, പാമ്പാടി പൊലീസ് സ്റ്റേഷൻ, കോട്ടയത്ത് ചന്തക്കവല, ചങ്ങനാശേരിയിൽ സെൻട്രൽ ജങ്ഷൻ എന്നിവിടങ്ങളിൽനിന്നും ജാഥാ ക്യാപ്റ്റനെ  മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
 ഇതിനായി വൻ ഒരുക്കങ്ങളാണ് ജില്ലയിലെ തൊഴിലാളി യൂണിയനുകൾ നടത്തിവരുന്നത്. നൂറുകണക്കിന് ചുമട്ട് തൊഴിലാളികൾ ജാഥാ സ്വീകരണത്തിന് എത്തുമെന്ന് ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പി ഇസ്മയിലും സെക്രട്ടറി എം എച്ച് സലീമും അറിയിച്ചു. 
ഗതാഗതരംഗം കുത്തകകൾക്ക് വിട്ടുകൊടുക്കുകയും തൊഴിലാളികളെ വഴിയാധാരമാക്കുകയും ചെയ്യുന്ന മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തൊഴിലാളികളും കർഷകരും സെപ്തംബർ അഞ്ചിന്  നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമാണ് ജാഥ. സ്വീകരണയോഗത്തിൽ എല്ലാ വിഭാഗത്തിലുമുള്ള മോട്ടോർ തൊഴിലാളികളും പങ്കെടുക്കുമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി ജെ വർഗീസും സെക്രട്ടറി എ വി റസ്സലും പറഞ്ഞു. കള്ള് ചെത്ത് തൊഴിലാളികൾ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പങ്കെടുത്ത് ജാഥ വിജയിപ്പിക്കണമെന്ന് ജില്ലാ കോ‐ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ കെ മാധവൻ അഭ്യർഥിച്ചു.
 
 
പ്രധാന വാർത്തകൾ
Top