12 December Wednesday

സ‌്ത്രീവിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ സമത്വം മിഥ്യ മാത്രമാകും: ജ. കെ ടി തോമസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
കോട്ടയം
എല്ലാ മേഖലയിലും സ‌്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടന അനുശാസിക്കുന്ന സമത്വം വെറും മിഥ്യയായി മാറുമെന്ന‌് ജ. കെ ടി തോമസ‌് പറഞ്ഞു. പരിധിയില്ലാത്ത സ്വാതന്ത്ര്യം മതങ്ങൾക്ക‌് ഭരണഘടന അനുവദിക്കുന്നില്ല. മൗലികാവകാശങ്ങളാണ‌് പ്രധാനം. ദർശന അന്താരാഷ‌്ട്ര പുസ‌്തകോത്സവത്തോടനുബന്ധിച്ച‌് "സ‌്ത്രീ സ്വാതന്ത്ര്യം: സങ്കൽപവും യാഥാർഥ്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  മത സ്വാതന്ത്ര്യം പ്രതിപാദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25 -ൽ തുടക്കത്തിൽ തന്നെ ഇവയെല്ലാം സാമൂഹ്യ സദാചാരം, ആരോഗ്യം തുടങ്ങിയവക്ക‌് വിധേയമായിരിക്കുമെന്ന‌് വ്യക്തമാക്കുന്നുണ്ട‌്. 
അതായത‌് ആരോഗ്യം, സാമൂഹ്യമര്യാദ, മൗലികാവകാശം എന്നിവയെ ബാധിച്ചാൽ മതാചാരങ്ങളെ നിയന്ത്രിക്കാൻ സർക്കാരുകൾക്ക‌് അധികാരമുണ്ട‌്. സിംഗപ്പൂരിൽ പക്ഷിപ്പനി പടർന്നുപിടിച്ച സമയത്ത‌് പള്ളികളിൽ വീഞ്ഞും അപ്പവും നൽകുന്ന ചടങ്ങിൽ ചില നിയന്ത്രണങ്ങൾ അവിടെ സർക്കാർ ഏർപ്പെടുത്തി. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എല്ലാ അർഥത്തിലും സ്വാഗതാർഹമാണ‌്.  ഭരണഘടന നിയമങ്ങളുടെ മാതാവാണ‌്. 
   സ‌്ത്രീകൾ പൊതുവേ എല്ലാരംഗത്തും മുന്നോട്ടു വരുന്ന കാലഘട്ടമാണിത‌്. സുപ്രീം കോടതിയിൽ മൂന്ന‌് വനിതാ ജഡ‌്ജിമാരുണ്ട‌്‌. ഇത‌് ഇനിയും വർധിക്കും. അഴിമതി കുറയാൻ സ‌്ത്രീകൾ ഉന്നതസ്ഥാനങ്ങളിൽ വരുന്നത‌് നല്ലതാണ‌്. സ‌്ത്രീകളിൽ അഴിമതി കുറവാണെന്ന‌് പഠനം തെളിയിച്ചിട്ടുണ്ടെന്നും ജ‌. കെ ടി തോമസ‌് പറഞ്ഞു. 
 സംവാദം അഡ്വ. രാജി പി ജോയി, ജോസി ജോസഫ‌് എന്നിവർ നിയന്ത്രിച്ചു. മുൻ എംഎൽഎ വി എൻ വാസവൻ, കാഞ്ഞിരപ്പള്ളി മജിസ‌്ട്രേറ്റ‌് റോഷൻ തോമസ‌് എന്നിവർ സംസാരിച്ചു. സംവാദത്തിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക‌് ജ. കെ ടി തോമസ‌് മറുപടി പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top