21 September Friday
ടിക്കറ്റിനു പകരം ബക്കറ്റ‌്

കാരുണ്യ ബസ‌് സർവീസ‌്: ജില്ലയിൽ സ്വരൂപിച്ചത് കാൽക്കോടിയോളം രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 കോട്ടയം

ജില്ലയിലെ സ്വകാര്യ ബസുകളിൽ തിങ്കളാ‌ഴ‌്ച യാത്രക്കാർ കണ്ടത‌് ടിക്കറ്റിന‌് പകരം ബക്കറ്റ‌്.  ടിക്കറ്റിനുള്ള തുകയോ അതിൽ കൂടുതൽ പണമോ യാത്രക്കാർക്ക‌് ബക്കറ്റിൽ നിക്ഷേപിക്കാൻ അവസരം. പ്രളയക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് പണം സ്വരൂപിച്ച‌് കൈമാറാനുള്ള ബസ‌് ഉടമകളുടെ ഉദ്യമമാണ‌് കാരുണ്യ സർവീസായി മാറിയത‌്. ബക്കറ്റിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്ന‌് രേഖപ്പെടുത്തിയിരുന്നു. ഇങ്ങനെ കിട്ടുന്ന തുകയിൽ ഡീസൽ ചെലവൊഴികെയുള്ള പണം ദുരിതാശ്വസ നിധിയിലേക്ക‌് കൈമാറാനായി ബസ‌് ഓപ്പറേറ്റേഴ‌്സ‌് ഫെഡറേഷനാണ‌് ഈ പ്രത്യേക സർവീസ‌് ഏറ്റെടുത്തത‌്.  തൊഴിലാളികളും യാത്രക്കാരുമടക്കം എല്ലാഭാഗത്തുനിന്നും വലിയ സഹകരണം കിട്ടിയെന്ന‌് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളികൾ തങ്ങളുടെ ശമ്പളവും വാങ്ങിയില്ല. ആ തുകയും നിധിയിലേക്ക‌് നൽകും. ജില്ലയിൽ എണ്ണൂറോളം ബസുകൾ ഇപ്രകാരം ഓടി. കാൽക്കോടിയോളം രൂപ സ്വരൂപിച്ചെന്നാണ‌് ഫെഡറേഷൻ ഭാരവാഹികൾ നൽകുന്ന സൂചന. രാത്രിയിൽ ഓടുന്ന ബസുകളുടെ വരുമാനം കൂടി ഉൾപ്പെടുത്തേണ്ടതിനാൽ അന്തിമ കണക്ക‌് ആയിട്ടില്ല. 
യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ടിക്കറ്റ‌് നിരക്കിലും കൂടുതൽ തുക ബക്കറ്റിലിട്ടു. പലരും ഇരട്ടി തുകയിട്ടു. ചിലർക്കാകട്ടെ കാര്യം പടികിട്ടിയില്ല. അത്തരക്കാർ ടിക്കറ്റ‌് നിരക്ക‌് മാത്രം നിക്ഷേപിച്ച‌് തടിതപ്പി. ചിലർ ബാക്കി ചോദിച്ചു. അതും കൊടുത്ത‌് ജീവനക്കാർ യാത്രക്കാരുടെ മനസ്സിനൊപ്പം സഞ്ചരിച്ചു. വിദ്യാർഥികളും വലിയ അളവിൽ സഹകരിച്ചു. കാൽലക്ഷം രൂപ വരെ നിധിയിലേക്ക‌് കൈമാറാനായ ബസുകളും ഉണ്ട‌്.
കോട്ടയത്ത‌് നാഗമ്പടം സ‌്റ്റാന്റിൽ മുൻ എംഎൽഎ വി എൻ വാസവൻ ബക്കറ്റുമായി ബസിൽ കയറി ജില്ലയിലെ കാരുണ്യ നിധി ശേഖരണം ഉദ‌്ഘാനം ചെയ‌്തു. പിന്നീട‌് ചേർന്ന യോഗവും അദ്ദേഹം ഉദ‌്ഘാനം ചെയ‌്തു. ബസ‌് ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷൻ ജില്ലാ വൈസ‌് പ്രസിഡന്റ‌് ടി ജെ ജൊസഫ‌് അധ്യക്ഷനായി. മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ‌് പി ജെ വർഗീസ‌്, ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷൻ സെക്രട്ടറി കെ എസ‌് സുരേഷ‌്, മറ്റ‌് സംഘടനാ നേതാക്കളായ ടി എം നളിനാക്ഷൻ, സ‌്ക്കറിയ, കെ എൻ രാജു എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top