24 September Monday

മേമ്പൊടിക്ക‌് ഗാനമേള; ദുരിതാശ്വാസ പ്രവർത്തനം ആഘോഷമാക്കി കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 വിജയപുരം 

വിജയപുരം പഞ്ചായത്ത് മേഖലയിലെ ഒരുവിഭാഗം കോൺഗ്രസ്‌ നേതാക്കൾ ഗാനമേളയടക്കം സംഘടിപ്പിച്ച് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആഘോഷമാക്കി മാറ്റി. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെയും നാട്ടുകാരെയും സന്നദ്ധ പ്രവർത്തകരെയും ആദരിക്കാനെന്ന പേരിൽ ചടങ്ങ് തട്ടിക്കൂട്ടി സംഘടിപ്പിക്കുകയായിരുന്നുവെന്ന‌്  ഒരുവിഭാഗം കോൺഗ്രസുകാർതന്നെ ആരോപിക്കുന്നു. വെള്ളപ്പൊക്കം കാര്യമായി ബാധിച്ച വാർഡുകളിലെ കോൺഗ്രസ് മെമ്പർമാരെയും പ്രതിപക്ഷത്തെയും അറിയിക്കാതെയാണ് പരിപാടി അരങ്ങേറിയത്. ദുരിതം അധികം ബാധിക്കാത്ത വാർഡുകളിലെ മെമ്പർമാരായ രജനി സന്തോഷ്, സോമൻകുട്ടി, ബ്ലോക്ക് അംഗം എന്നിവർ ഗ്രാമസമിതിയുടെ ബാനറിൽ സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ വൻ പണപ്പിരിവും നടത്തിയെന്ന‌് ആക്ഷേപമുണ്ട‌്. 
കളത്തിപ്പടി ലിറ്റിൽ ഫ്ലവർ ഹാളിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. സംഘാടകരെ കൂടാതെ രണ്ട് പഞ്ചായത്തംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ആദരിക്കപ്പെട്ടവർക്ക് മൊമന്റോയും ഷാളും നൽകി. യോഗശേഷമായിരുന്നു ഗാനമേള. ഗിരിദീപം കോളേജ് നൽകിയ 50 ഭക്ഷ്യസാധന കിറ്റ് വിതരണം ചെയ‌്തതിലും പക്ഷപാതം കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു. അർഹതപ്പെട്ട കുടുംബങ്ങളെ അവഗണിച്ച് മറ്റുള്ളവർക്ക് നൽകിയെന്നാണ് ആക്ഷേപം. ആഘോഷങ്ങൾ ഒഴിവാക്കി കേരളത്തിന്റെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കണമെന്ന സർക്കാർ നിർദ്ദേശം നിലനിൽക്കുമ്പോഴാണ് വിജയപുരം വില്ലേജ് ഓഫീസറടക്കം നടത്തിപ്പുകാരനായി നിന്ന‌് ചടങ്ങ‌് സംഘടിപ്പിച്ചതെന്ന‌് നാട്ടുകാർ ആരോപിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top