വി വി ദക്ഷിണാമൂര്‍ത്തി നഗര്‍(കോട്ടയം) > ധീരരക്തസാക്ഷികളുടെ തുടിക്കുന്ന ഓര്‍മകള്‍ക്ക് ഒരുപിടി പൂക്കളര്‍പ്പിച്ച് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് കോട്ടയത്ത് ആവേശത്തുടക്കം. 'വി വി ദക്ഷിണാമൂര്‍ത്തി നഗറി'ല്‍(കോട്ടയം മാമന്‍മാപ്പിള ഹാള്‍) പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പന്ത്രണ്ട് ഏരിയകളില്‍നിന്നായി 257 പ്രതിനിധികളും 33 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദേശീയവും സാര്‍വദേശീയവുമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നതോടൊപ്പം പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുകയും ജനകീയ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് പ്രതിനിധി സമ്മേളനം. സാര്‍ഥകമായ ചര്‍ച്ചകളുമായി പ്രതിനിധിസമ്മേളനം ബുധനാഴ്ചയും വ്യാഴാഴ്ചയും തുടരും.
പാര്‍ടിയുടെ എല്ലാതലത്തിലുള്ള പ്രവര്‍ത്തനങ്ങളെയും തലനാരിഴ കീറി പരിശോധിക്കുന്നതോടൊപ്പം സമ്മേളനം അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തും. കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള ആശയപരവും രാഷ്ട്രീയവുമായ ആത്മവിശ്വാസം പകര്‍ന്നുകൊണ്ടാണ് ആദ്യദിവസത്തെ പ്രതിനിധി സമ്മേളനം സമാപിച്ചത്.
പ്രതിനിധി സമ്മേളന വേദിയിലേക്കുള്ള ദീപശിഖ ചൊവ്വാഴ്ച രാവിലെ നീണ്ടൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സമ്മേളനനഗറിലെത്തിച്ചു. അയ്മനം ബാബു നേതൃത്വം നല്കിയ ജാഥ സ്വാഗതസംഘം ചെയര്മാന് അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദീപശിഖ വി എന്‍ വാസവന് ഏറ്റുവാങ്ങി പ്രത്യേക സ്തൂപത്തില്‍ സ്ഥാപിച്ചു. പതാകഗാനത്തിന്റെ അകമ്പടിയോടെ മുതിര്‍ന്ന പാര്‍ടി അംഗം പി എന്‍ പ്രഭാകരന് പതാക ഉയര്‍ത്തി. 'ജയ്പ്പുപതാകേ രക്തപതാകേ' എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീതം നല്‍കിയത് കുമരകം അനില്‍കുമാറാണ്. അനില്‍കുമാറും പി ആര് സിനിയുമാണ് ആലപിച്ചത്. എല്ലാവരും ഒന്നിച്ചുചേര്‍ന്ന് വിപ്ളവ മുദ്രാവാക്യങ്ങള്‍ മുഴക്കി. സമ്മേളന പ്രതിനിധികളെ ബാലസംഘം കൂട്ടുകാര്‍ റോസാപ്പൂ നല്കി ഹാളിലേക്ക് സ്വീകരിച്ചു. സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഹരികുമാറിന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ സമ്മേളനം തുടങ്ങി.
സമ്മേളന നടപടികള്‍ക്ക് മുന്നോടിയായി കങ്ങഴ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതഗാനം അവതരിപ്പിച്ചു. 'രക്താഭിവാദനങ്ങളോടെ, സ്നേഹാഭിവാദ്യങ്ങളോടെ, ഈ യുഗ പോരാട്ട വീഥിയില്‍ പൂക്കും ചെമ്പനീര്‍ പൂക്കളേ സ്വാഗതം' എന്നാരംഭിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് ലോക്കല്‍ കമ്മിറ്റിയംഗം എന്‍ എം ജയലാല്‍ നടുവത്രയാണ്. സുദീപ് കങ്ങഴ, സാനിയ പി ജിജി, സുനില്‍കുമാര്‍, ജസ്റ്റിന് റജി, പി വി ബിജു, രജിതാ ഗിരീഷ്, സിതാര ഫാത്തിമ എന്നിവര്‍ ആലപിച്ചു.
അഡ്വ. പി കെ ഹരികുമാര്‍ കണ്‍വീനറും പി ഷാനവാസ്, തങ്കമ്മ ജോര്‍ജ്കുട്ടി, ജെയ്ക് സി തോമസ്, കെ സി ജോസഫ് എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വിവിധ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
പ്രമേയം: എം ടി ജോസഫ്(കണ്‍വീനര്‍), സി ജെ ജോസഫ്, ആര് നരേന്ദ്രനാഥ്, കെ അനില്‍കുമാര്‍, റജി സക്കറിയ, കെ കെ ഗണേശന്, കൃഷ്ണകുമാരി രാജശേഖരന്, പി എം തങ്കപ്പന്, കെ എന്‍ രവി, കെ രാജേഷ്
ക്രഡന്‍ഷ്യല്‍: എ വി റസ്സല്‍(കണ്‍വീനര്‍), കെ എം രാധാകൃഷ്ണന്, ഇ എം കുഞ്ഞുമുഹമ്മദ്, രമാ മോഹന്‍, വി ജയപ്രകാശ്, പി എന്‍ ബിനു, കെ എസ് രാജു, റിജേഷ് കെ ബാബു, ബി ആനന്ദക്കുട്ടന്.
മിനിട്സ്: അയ്മനം ബാബു(കണ്‍വീനര്‍), എം എസ് സാനു, കുര്യാക്കോസ് ജോസഫ്, ജോയി കുഴിപ്പാല, വി കെ സുരേഷ്കുമാര്‍. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിപ്പോര്ട്ടിന്മേല് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു.
വൈകിട്ട് ഒ എന്‍ വി നഗറില്‍(തിരുനക്കര മൈതാനം) സാമ്പത്തിക സെമിനാര്‍ നടന്നു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്ത സെമിനാര്‍ ഇന്നത്തെ ആഗോള സാമ്പത്തിക വ്യവസ്ഥയും രാജ്യത്തിന്റെ ധനകാര്യസ്ഥിതിയും സമഗ്രമായി വിലയിരുത്തി. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനായി. പ്രൊഫ. കെ എന്‍ ഗംഗാധരന്, പ്രൊഫ. ടി ആര് കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പി ജെ വര്‍ഗീസ് സ്വാഗതവും സി എന്‍ സത്യനേശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ചലച്ചിത്രകാരന് ലെനിന് രാജേന്ദ്രന് അണിയിച്ചൊരുക്കിയ 'കരുണ' നാടകം അരങ്ങേറി. കുമാരനാശാന്റെ പ്രസിദ്ധമായ 'കരുണ' എന്ന കൃതിയെ അധികരിച്ച് തയ്യാറാക്കിയ രംഗാവിഷ്കാരം വാസവദത്തയുടെ ഹൃദയവ്യാപാരങ്ങളെയും ജീവിതത്തെയും കാവ്യാത്മകമായി അവതരിപ്പിച്ച് ശ്രദ്ധ നേടി.