13 November Tuesday

പ്രളയാനന്തര സഹായത്തിനും സിപിഐ എമ്മും പഞ്ചായത്തും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
കുമരകം
കുമരകം പഞ്ചായത്തിലെ 16 വാർഡുകളിലും വെള്ളം കയറി. വീടുകളും ഇടറോഡുകളും മുങ്ങി. കോട്ടയം കുമരകം റൂട്ടിൽ റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം നിർത്തിവച്ചു. ഒറ്റപ്പെട്ടു ജീവൻ കയ്യിൽപിടിച്ചു ഭീതിയോടെ നിന്ന ഇവർക്ക് ആദ്യ സഹായഹസ്തം നീട്ടിയത് സിപിഐ എം പ്രവർത്തകരും പഞ്ചായത്തും അഭയം പ്രവർത്തകരും യുവജന വിദ്യാർഥി പ്രസ്ഥാനവും തന്നെ. വെള്ളം കയറിയതു മുതൽ ഇവർ ഉറക്കമൊഴിച്ചുള്ള രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി.  വെള്ളം കയറിയ വീടുകളിൽ നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ്ക്കാനും നേതൃത്വം നൽകി. ബോട്ടിലും എത്തിപ്പെടാൻ പറ്റാത്ത പ്രദേശങ്ങളിൽ വള്ളത്തിലും പോയി  പ്രവർത്തകർ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. സിപിഐ എമ്മിന്റെ നോർത്ത് ലോക്കൽ സെക്രട്ടറി കെ കേശവനും, സൗത്ത് ലോക്കൽ സെക്രട്ടറി കെ കെ രാരിച്ചനും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയപ്പോൾ ഇവർക്കാപ്പം പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ഏകോപനവുമായി പ്രസിഡന്റ് എ പി സലിമോനും രംഗത്തുണ്ടായിരുന്നു. ക്യാമ്പുകളിലും വെള്ളം എത്തിയതോടെ ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ ടോറസിൽ ജനങ്ങളെ നാട്ടകത്ത് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു. ഇവിടെ ഏരിയ സെക്രട്ടറി ബി ശശികുമാറിന്റെ നേതൃത്വത്തിലുള്ള വലിയൊരു ടീം തന്നെ വേണ്ട സൗകര്യം ഒരുക്കി. 
വെള്ളം ഇറങ്ങിയപ്പോഴും ഇവിടുത്തുകാരോടൊപ്പമുണ്ട് സിപിഐ എം നേതൃത്വം. ക്യാമ്പുകളിൽ നിന്ന് വീടുകളിൽ എത്തിയവർക്ക് എല്ലാ സഹായവുമായി അവർ ഒപ്പമുണ്ട്. വീടുകളിലെ ശുചീകരണ പ്രവർത്തനവുമായും പ്രവർത്തകർ ഒപ്പമെത്തി. വീടും നാടും ശുചീകരിക്കാനും വീടുകളിൽ എത്തിയവർക്ക് സഹായമെത്തിക്കുന്നതിനും മുന്നിൽ നിൽക്കുന്നു. 
 
പ്രധാന വാർത്തകൾ
Top