19 November Monday

ചുറ്റും വെള്ളം; തുള്ളിയെടുക്കാനില്ല കുടിക്കാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ചങ്ങനാശേരി പുത്തനാറിൽ ജലനിരപ്പ്‌ ഉയർന്നതിനെ തുടർന്ന്‌ വീടുകളിൽ വെള്ളത്തിനൊപ്പം പോളകയറിയപ്പോൾ

 ചങ്ങനാശേരി
കഴിഞ്ഞ മഴക്കെടുതിമൂലം കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന  എസി റോഡ് പുറമ്പോക്ക്, എ സി കോളനി, പൂവം, നക്രാൽ പുതുവൽ, അംബേദ്കർ കോളനി, അറുന്നൂറിൽ പുതുവേൽ ഭാഗത്തെ ജനങ്ങൾ വീണ്ടും  കുടിവെള്ളത്തിനായ് ബുദ്ധിമുട്ടുന്ന സ്ഥിതിയായി. കിഴക്കൻവെള്ളം ഒഴുകിയെത്തി ആഴ്ചകളുടെ ഇടവേളയ‌്ക്ക് ശേഷം പുത്തനാറ് നിറഞ്ഞു കവിയുകയും പോള കയറി ഉപയോഗ ശൂന്യമാവുകയും ചെയ്തതോടെ അത്യാവശ്യ കാര്യങ്ങൾക്കായി ആറ്റിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് എസി കോളനിയിലെ നൂറോളം കുടുംബങ്ങൾ. മഴ ശമിച്ചപ്പോൾ എസി കനാലിൽ തിങ്ങിനിറഞ്ഞ ആഫ്രിക്കൻപോള നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭ തയ്യാറാകണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണ സമിതി തയാറാകാതിരുന്നതും ഈ ഭാഗത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പാറയ്ക്കൽ കലുങ്കിനു സമീപത്ത് ആലപ്പുഴയ്ക്കുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലീക്കായി വരുന്ന ഇടങ്ങളിൽ വെള്ളം പാത്രത്തിൽ ശേഖരിച്ചാണ്  കുറച്ചു കുടുംബങ്ങളെങ്കിലും ഇപ്പോൾ  കുടിവെള്ളമായി ഉപയോഗിക്കുന്നത്. നക്രാൽ പുതുവൽ ഭാഗത്തുള്ള  കുടുംബങ്ങൾ പനയാർ തോട്ടിൽനിന്നുള്ള വെള്ളം ആണ് കുടിക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.  
പനയാറ്റിൽ ആഫ്രിക്കൻ പായൽ  ഒഴുകിയെത്തിയതോടെ ഇവിടുത്തെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. മഴ ശമിച്ചപ്പോൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പായലും പോച്ചയും ഭാഗികമായി നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മഴ കനത്തത്. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top