16 November Friday

കഞ്ചാവും തോക്കുമായി യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018
കൊല്ലം
ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എക‌്സൈസ‌് എൻഫോഴ്സമെന്റ‌് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പള്ളിമുക്ക് ഐക്യനഗർ കൊച്ചുമുണ്ടയ്യം വീട്ടിൽ റിയാസ് (30) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് തോക്കും 5000 രൂപയും പിടിച്ചെടുത്തു. കൊല്ലം ബീച്ചിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർഥികളെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. അയത്തിൽ ഭാഗത്ത് വീടുകൾ  കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്നുവെന്ന വിവരം കിട്ടിയതിനെത്തുടർന്ന് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തെങ്കാശിയിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് 500 രൂപ നിരക്കിൽ ചെറിയ പൊതികളാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ വിൽക്കുന്നതിന്റെ മറവിലാണ് കഞ്ചാവ് നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിൽപ്പനയ‌്ക്കിടെ പിടിയിലായാൽ ഭീഷണിപ്പെടുത്തി രക്ഷപ്പെടാനാണ് തോക്ക് കൈവശംവച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. കഞ്ചാവ് വിതരണ ശൃംഘലയിലുള്ളവരെക്കുറിച്ച‌് കൂടുതൽ വിവരം ലഭിച്ചു. സംഘാംഗങ്ങളെക്കുറിച്ച‌്  അന്വേഷണം തുടങ്ങിയതായി ഡെപ്യൂട്ടി കമീഷണർ ജി മുരളീധരൻ നായർ പറഞ്ഞു. സിഐ എം നൗഷാദ്, എസ്ഐ ജി വിനോജ്, പ്രിവന്റീവ് ഓഫീസർ ആർ ജി വിനോദ്, നിർമലൻ തമ്പി, ഷാഡോ ടീം അംഗങ്ങളായ വിഷ്ണുരാജ്, എമേഴ്സൺ ലാസർ, അനീഷ്, വൈശാഖ്, ടോമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

പ്രധാന വാർത്തകൾ
Top