19 September Wednesday

നോട്ട്‌ ബുക്കിൽ പകർത്തിയെഴുതി; ഒപ്പമുണ്ട്‌ ഞങ്ങൾ

സ്വന്തം ലേഖകൻUpdated: Friday Aug 31, 2018

ടീം ഇൻകുബേഷൻ വാട്സാപ‌് ഗ്രൂപ്പ് അംഗങ്ങൾ പ്രളയബാധിത ജില്ലകളിലെ കുട്ടികൾക്കായി നോട്ട് പകർത്തിയെഴുതുന്നു

കൊല്ലം
“വിദ്യയെ പുണരൂ, സൗഭാഗ്യങ്ങൾ തിരികെ വരും. നാടുണ്ട് നിങ്ങൾക്കൊപ്പം; താങ്ങായി, തണലായി...’ ‐ പ്ലസ് വൺ വിദ്യാർഥിനി പൂജ കണ്ടിട്ടില്ലാത്ത സുഹൃത്തിന് നോട്ട‌്ബുക്കിൽ കുറിച്ച സാന്ത്വന വാക്കുകൾ. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മലപ്പുറത്തെയും കോഴിക്കോട്ടെയും കുട്ടികൾക്ക് പാഠഭാഗങ്ങൾ പകർത്തിയെഴുതുന്ന തിരക്കിലാണ് കൊല്ലം നഗരത്തിലെ കൂട്ടായ്മ. പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാന വ്യാപകമായി രൂപംകൊണ്ട “ടീം ഇൻകുബേഷൻ’ വാട്സാപ‌് ഗ്രൂപ്പിലെ അംഗങ്ങളാണിവർ. ഗ്രൂപ്പിൽ അംഗങ്ങളായ കുട്ടികളും പ്രായമായവരും നോട്ടെഴുത്തിൽ സജീവം. ഇതിനകം നോട്ട് പകർത്തിയെഴുതിയ ആയിരത്തോളം ബുക്കുകൾ രണ്ടു ജില്ലകളിലെയും വിദ്യാർഥികളുടെ കൈകളിലെത്തിച്ചു. 
കൊല്ലം നഗരത്തിലെ കലക‌്ഷൻ സെന്ററായ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽനിന്ന് വ്യാഴാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസിൽ നോട്ടെഴുതിയ 500 ബുക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് കയറ്റിവിട്ടു. ഈ ജില്ലകളിൽനിന്ന് ആവശ്യപ്പെട്ടതിലധികം ബുക്കുകൾ നൽകാനായെന്ന് ബുക്ക് കലക‌്ഷന് നേതൃത്വം നൽകുന്ന ഉളിയക്കോവിൽ നിത്യപ്രഭാ നഗറിലെ മോഹൻകുമാർ പറഞ്ഞു. അധികംവന്ന ബുക്കുകൾ മറ്റു ജില്ലകളിലെ സർക്കാർ സിലബസിൽ പഠിക്കുന്ന കുട്ടികൾക്കു നൽകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച കലക‌്ഷൻ സെന്ററുകൾ വഴി നോട്ടെഴുതിയ ബുക്കുകൾ ശേഖരിച്ച് അയക്കും. 
ആറു മുതൽ പത്തുവരെ ക്ലാസുകളിലെ നോട്ട് വാട്സാപ‌് വഴി അയച്ചുകൊടുത്താണ് പകർത്തുന്നത്. പുതിയ ബുക്ക് വാട്സാപ‌് ഗ്രൂപ്പ് അംഗങ്ങൾ വാങ്ങും. നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനു പകരം നോട്ട് പകർത്തിയെഴുതി നൽകുന്നതിലൂടെ കുട്ടികൾ തമ്മിൽ ആത്മബന്ധവും സുരക്ഷിതത്വ ബോധവും വളർത്താനാകുമെന്നതിനാലാണ് ഇത്തരമൊരു സംരംഭത്തിനു തുടക്കംകുറിച്ചതെന്ന്  സംഘാടകർ പറഞ്ഞു. പ്രളയദുരന്തം സൃഷ്ടിച്ച ഒറ്റപ്പെടലിന്റെ വേദന അകറ്റാനായി കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശങ്ങളും നോട്ടുബുക്കിൽ കുറിച്ചാണ് നൽകുന്നത്. കുട്ടികൾക്കൊപ്പം അധ്യാപകരും വീട്ടമ്മമാരുമൊക്കെ നേട്ടെഴുത്തിൽ സജീവമാണ്. ഗൾഫിൽനിന്ന് പത്തു ദിവസത്തെ ഓണാവധിക്ക് നാട്ടിലെത്തിയ ഉളിയക്കോവിൽ നിത്യപ്രഭാ നഗറിലെ താമസക്കാരി രമ്യ ഒരു ദിവസം പൂർണമായും നോട്ടെഴുത്തിനായി ചെലവഴിച്ചത് നഗറിലെ മറ്റുള്ളവർക്ക് പ്രചോദനമായി. പ്രളയബാധിതരായ കുട്ടികൾക്ക് നോട്ടെഴുതി നൽകാൻ താൽപ്പര്യമുള്ളവർക്ക് ടീം ഇൻകുബേഷൻ വാട്സാപ‌് ഗ്രൂപ്പുമായി ബന്ധപ്പെടാം. ഫോൺ: 9447128083.
പ്രധാന വാർത്തകൾ
Top