25 September Tuesday
വെള്ളപ്പൊക്കം

മൺറോതുരുത്തിൽ മത്സ്യക്കൃഷിയിൽ ഒന്നേകാൽ കോടിയുടെ നഷ്ടം

സ്വന്തം ലേഖികUpdated: Wednesday Aug 29, 2018
കൊല്ലം
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ  മൺറോതുരുത്തിലെ മത്സ്യക്കൃഷി മേഖലയിൽ  ഒന്നേകാൽ കോടിയുടെ നഷ്ടം. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന 100 ഹെക്ടറിലധികം കൃഷിയിടത്തിൽനിന്ന‌് മത്സ്യങ്ങൾ കൂട്ടത്തോടെ ഒലിച്ചുപോയി. ഓണത്തിന‌് വിളവെടുക്കാൻ പാകമായ മത്സ്യങ്ങളായിരുന്നു.  പുതുതായി സ്റ്റോക്ക‌് ചെയ‌്ത മത്സ്യക്കുഞ്ഞുങ്ങളും ഒഴുകിപ്പോയി. മാത്രമല്ല, ജലത്തിന്റെ അസിഡിറ്റിയിൽ വന്ന വ്യത്യാസവും കലക്കവെള്ളവും  മൂലം  ശേഷിച്ചവ വ്യാപകമായി ചത്തൊടുങ്ങുന്നു. ചെമ്മീൻ, തിരുത, ഞണ്ട‌്, കരിമീൻ, പൂമീൻ എന്നിവയാണ‌് വ്യാപകമായി നശിച്ചത‌്. ഓണം വിപണി ലക്ഷ്യമിട്ട‌് ഇറക്കി്യ കൃഷിയിൽ ടൺ കണക്കിന‌് കൊയ‌്ത്തായിരുന്നു പ്രതീക്ഷിച്ചിരുന്നത‌്. ബണ്ടുകൾ മുറിഞ്ഞതും  വെള്ളം കയറി മോട്ടോറുകൾ നശിച്ചതും ഉൾപ്പെടെ വൻ നഷ്ടമാണ‌് വനിതാകർഷകർ ഉൾപ്പെടെയുള്ളവർക്ക‌് നേരിട്ടത‌്. കുളങ്ങളിൽ വെള്ളം നിയന്ത്രിച്ച‌് കയറ്റിയിറക്കുന്നതിനുള്ള ഫ‌്ളൂയിസ‌് ഗേറ്റ‌് (തൂമ്പുകൾ) കുത്തൊഴുക്കിൽ വ്യാപകമായി നശിച്ചു. 
ഒരു കാലത്ത‌് നൂറമേനി നൽകിയിരുന്ന  തെങ്ങ‌ുകൃഷി ആഗോളതാപനത്തിന്റെ ഭാഗമായുള്ള വേലിയേറ്റത്തെതുടർന്ന‌് വ്യാപകമായി നശിച്ചു. ഇതേ തുടർന്ന‌് കടക്കെണിയിലായ കർഷകർ മത്സ്യക്കൃഷിയിലേക്ക‌് തിരിയുകയായിരുന്നു. 
നൂറിലേറെ കർഷകരും  ആയിരത്തിലേറെ അനുബന്ധ കർഷകരും മത്സ്യക്കൃഷിയെ ആശ്രയിച്ചായിരുന്നു ഉപജീവനം നടത്തിയിരുന്നത‌്.  കൃഷിഫാമുകളിൽ എക്കലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാൽ ജലത്തിൽ അമ്ലഗുണം   ഉയർന്ന സ്ഥിതിയാണ‌്. നാലിരട്ടി കുമ്മായം ചേർത്തെങ്കിൽ  മാത്രമേ ചെളിയിലെ അമ്ലഗുണം മാറ്റി  ക്ഷാരഗുണമുള്ളതാക്കാനാകൂ.  ഇത‌് ഭാരിച്ച ചെലവാണ‌്. ഈ പ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഒക്ടോബർ  നവംബർ മാസങ്ങളിലെ സീസൺ കൃഷിയും  തുടങ്ങാനാകു. ഏറ്റവും മികച്ച മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ‌് പലതവണ നേടിയവരുടെ ഉൾപ്പെടെ മത്സ്യമാണ‌് നശിച്ചത‌്.   98 ദിവസം പ്രായമായ മത്സ്യങ്ങളാണ‌് ഏറെയും  നഷ്ടപ്പെട്ടത‌്.  എക്കലടിഞ്ഞ ഫാമുകൾ ശുചീകരിച്ച‌് വീണ്ടും കൃഷി പുനരാരംഭിക്കാൻ ഭാരിച്ച ചെലവാണ‌് വരിക.  ഇൗ പ്രശ‌്നം പരിഹരിക്കാൻ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന‌് കർഷകർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top