15 November Thursday

ഉത്രാടപ്പാച്ചിലിന‌് മങ്ങൽ

സ്വന്തം ലേഖികUpdated: Saturday Aug 25, 2018

കൊല്ലം

പ്രളയത്തെതുടർന്ന് സങ്കടക്കടലിലായ സഹോദരങ്ങൾക്കൊപ്പംതന്നെ തങ്ങളും എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നഗരത്തിൽ ഉത്രാടദിനം.  മഴയൊക്കെ മാറി   കാലാവസ്ഥ അനുകൂലമായിട്ടും എങ്ങും ദുഃഖം തളംകെട്ടി നിൽക്കുന്നതിനാൽ ഉത്രാടപ്പാച്ചിലിന് മങ്ങലേറ്റു. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് അപൂർവ കാഴ്ചയായിരുന്നു. നാട്ടിൻപുറങ്ങളിലും സ്ഥിതി വ്യത്യസ‌്തമല്ല. പൂവിളിയുമില്ല, പൂക്കളവുമില്ല.
കശുവണ്ടിത്തൊഴിലാളികൾക്കും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും   ബോണസും ക്ഷേമപെൻഷനുകൾ കുടിശ്ശിക സഹിതവും ലഭ്യമാകുന്നതോടെയാണ‌് സാധാരണ ഗതിയിൽ വിപണികൾ ഉഷാറാകുക . എന്നാൽ, ഇക്കുറി ഇവയെല്ലാം ലഭിച്ചെങ്കിലും  പ്രളയക്കെടുതിയിൽപെട്ടുഴലുന്ന സഹോദരങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. വസ്ത്രവിപണികളിലും സ്റ്റേഷനറികളിലും  പഴക്കടകളിലും ബേക്കറികളിലും  നടന്ന കച്ചവടം എല്ലാംതന്നെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് ഉള്ളതായിരുന്നെന്ന് വ്യാപാരികൾ പറയുന്നു. 
 കുടിശ്ശിക ഇല്ലാതെ പെൻഷനും മറ്റ‌് ആശ്വാസ ധനസഹായവും ലഭ്യമാക്കുന്ന എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓണത്തിന് ഉൾപ്പെടെ വിപണിയിൽ പുത്തൻ ഉണർവായിരുന്നുവെന്ന്  വ്യാപാരികൾ പറയുന്നു.  അത‌് അനുസരിച്ച് വൻ വിൽപ്പന ലക്ഷ്യമിട്ട് കൂടുതൽ സാധനങ്ങൾ ഇത്തവണ ഇറക്കിയിരുന്നതായി വ്യാപാരികൾ ഒരേ സ്വരത്തിൽ പറയുന്നു. 
 കുറഞ്ഞ വിലയിൽ ഈടുറ്റ  വസ്ത്രങ്ങളുമായി അണിനിരന്നിട്ടുള്ള വഴിവാണിഭക്കാർക്കും കച്ചവടമില്ല.  ഓണം, ബക്രീദ് വിപണി ലക്ഷ്യമിട്ട് പുത്തൻ ട്രെൻഡുകളുമായിട്ടായിരുന്നു കൈത്തറി സ്റ്റാളുകൾ ഉൾപ്പെടെ നഗരത്തിൽ തുടങ്ങിയത്. 
നൂലിൽ പശചേർത്ത് പാക്കളത്തിൽ ഉണക്കി കൈത്തറിയിൽ  നെയ‌്തെടുക്കുന്ന മികച്ച ഗുണനിലവാരമുള്ള  വസ്ത്രങ്ങൾക്കും ഇക്കുറി പ്രതീക്ഷിത വിൽപ്പന നടന്നില്ലെന്ന് സ്റ്റാൾ അധികൃതരുടെ സാക്ഷ്യം. നടന്ന കച്ചവടമാകട്ടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള തോർത്തും ഷീറ്റും മാത്രം.
പുതുതലമുറയുടെ വസ്ത്രവൈവിധ്യം ലക്ഷ്യമിട്ടുള്ള തുണിത്തരങ്ങളുമായാണ് കൈത്തറി സ്റ്റാളുകൾ നിരന്നത്.  ഓണസമ്മാനം നൽകാൻ ഭൂരിഭാഗം പേരും സെറ്റുമുണ്ടുകൾ, സാരികൾ, ഡബിൾ മുണ്ടുകൾ, മഞ്ഞക്കോടികൾ, ചുരിദാറുകൾ എന്നിവ സാധാരണ ഗതിയിൽ വൻതോതിലായിരുന്നു വിറ്റഴിഞ്ഞിരുന്നത്.  ഹാൻടെക്സിൽ കഴിഞ്ഞ വർഷം ഉത്രാടത്തിന് നടന്നത് ആറരക്കോടിയുടെ വിൽപ്പനയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഇത് മൂന്നരക്കോടിയായിരുന്നു. ചാമക്കട, എസ്എംപി എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലും തിരക്ക് നന്നേ കുറവായിരുന്നു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top