15 November Thursday
അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍

44,000 കശുവണ്ടിത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 10.03 കോടി രൂപയും 440 ടണ്‍ അരിയും

ജയന്‍ ഇടയ്ക്കാട്Updated: Saturday Aug 25, 2018
കൊല്ലം
പ്രളയത്തിൽ മുങ്ങി ഓണത്തിന്റെ നിറം മങ്ങിയെങ്കിലും പരമ്പരാഗത വ്യവസായത്തൊഴിലാളികൾക്കും സാധാരണക്കാരനും  ഓണനാളുകൾ സമൃദ്ധമായിരിക്കാനുള്ള  സർക്കാരിന്റെ  കരുതൽ വ്യക്തമാക്കി കോടികളുടെ ആനുകൂല്യവിതരണം.  കശുവണ്ടി, കയർ, കൈത്തറി, മത്സ്യം, തോട്ടം മേഖലകളിലെ  രണ്ടര ലക്ഷം തൊഴിലാളികൾക്ക് ആനുകൂല്യവിതരണം യഥാസമയം പൂർത്തിയാക്കി.  അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികളിലെ തൊഴിലാളികൾക്ക് ആശ്വാസമായി  കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ വിതരണം ചെയ്തത് 10.03 കോടി രൂപയും 440 ടൺ അരിയും.  മരംകയറ്റത്തൊഴിലാളികൾ,  അസംഘടിത തൊഴിലാളികൾ, അടഞ്ഞുകിടക്കുന്ന കയർസൊസൈറ്റിയിലെ തൊഴിലാളികൾ  എന്നിവർക്ക് എക്‌സ്‌ഗ്രേഷ്യയും പെൻഷനുമായി 80.98 ലക്ഷം രൂപ വിതരണം ചെയ്തു. ഏറെ പ്രതിസന്ധികൾക്കിടയിലും കശുവണ്ടിഫാക്ടറി തൊഴിലാളികൾക്ക് നാലു മാസത്തെ പെൻഷൻ ഇനത്തിൽ 29 കോടിയും  മത്സ്യത്തൊഴിലാളികൾക്ക് 28 കോടി രൂപയും  വിതരണം ചെയ്ത് എൽഡിഎഫ് സർക്കാർ ചരിത്രം സൃഷ്ടിച്ചു. 
2018 ജനുവരി മുതൽ അടഞ്ഞുകിടക്കുന്ന 416 കശുവണ്ടി ഫാക്ടറികളുണ്ട്. ഇതിൽ 400   ഫാക്ടറിയും കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ,  കാസർകോട‌്  ജില്ലകളിലെ ഉൾപ്പെടെ   44,000 തൊഴിലാളികൾക്കാണ് കശുവണ്ടിത്തൊഴിലാളി ആശ്വാസക്ഷേമനിധി ബോർഡ് ഓണാശ്വാസമായി 10.03 കോടി രൂപ വിതരണം ചെയ്തത്. ഒരു തൊഴിലാളിക്ക് 2000 രൂപയും 10 കിലോ അരിയും വീതം നൽകി. ക്ഷേമനിധിബോർഡും കൺസ്യൂമർഫെഡിന്റെ   ത്രിവേണിസ്റ്റോറുകൾ, സഹകരണബാങ്ക് നടത്തുന്ന നീതിസ്റ്റോറുകൾ എന്നിവ വഴിയായിരുന്നു അരിവിതരണം. 
    2018 ഏപ്രിൽ മുതലുള്ള നാലു മാസത്തെ പെൻഷനാണ് കശുവണ്ടിത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും വിതരണം ചെയ്തത്. 58 വയസ്സ‌് കഴിഞ്ഞവർക്ക് 1100 രൂപപ്രകാരമാണ് പെൻഷൻ . കശുവണ്ടിമേഖലയിലും മത്സ്യമേഖലയിലും  65,000 വീതം  പെൻഷൻ ഗുണഭോക്താക്കൾ നിലവിലുണ്ട്. 
തൊഴിൽവകുപ്പ് മുഖേന പെൻഷനും എക‌്സ്‌ഗ്രേഷ്യയുമായി ജില്ലയിൽ വിതരണം ചെയ്തത് 80,98,100 രൂപയാണ്.  അസംഘടിതമേഖലയിലെ തൊഴിലാളിക്ഷേമനിധിബോർഡ് വഴി  ക്ഷേമപെൻഷനായി  60,85,220 രൂപ വിതരണം ചെയ്തു. 1383 പെൻഷൻ ഗുണഭോക്താക്കൾ ഈ പട്ടികയിലുണ്ട്.  മരംകയറ്റത്തൊഴിലാളികൾക്ക് എക്‌സ്‌ഗ്രേഷ്യ ഇനത്തിൽ തൊഴിൽവകുപ്പ് മുഖേന കൊല്ലം ജില്ലയിൽ  5.5 ലക്ഷം രൂപ വിതരണം ചെയ്തു. അപകടത്തിൽപെട്ടവരും മരിച്ചവരുടെ ആശ്രിതരുമായി ആറു പേരാണ് ഇതിന്റെ  ഗുണഭോക്താക്കൾ. 93 പേർക്ക് ക്ഷേമപെൻഷനായി  3.6 ലക്ഷം  രൂപ നൽകി. 2018 ജൂൺ മുതൽ ആഗസ്ത് വരെയുള്ള മൂന്നു മാസത്തേക്ക് 1100 രൂപ നിരക്കിലാണ് പെൻഷൻ. അസംഘടിത തൊഴിലാളിക്ഷേമപദ്ധതിപ്രകാരം 210 ഗുണഭോക്താക്കൾക്ക്  4,20,000 രൂപ ആശ്വാസസഹായം  നൽകി. ഒരു ഗുണഭോക്താവിന്  2000 രൂപ  നിരക്കിലാണിത്. ഒരു വർഷമായി പൂട്ടിക്കിടക്കുന്ന കയർസൊസൈറ്റികളിലെ 368 തൊഴിലാളികൾക്ക് എക്‌സ്‌ഗ്രേഷ്യയായി 2000 രൂപ പ്രകാരം 7, 36,000 രൂപ വിതരണം ചെയ്തു. ജില്ലയിൽ 32 കൈത്തറിസഹകരണസംഘങ്ങളിലെ 3500  കൈത്തറിത്തൊഴിലാളികൾക്ക് ബോണസും പെൻഷനും വിതരണം  നടത്തി. 
തോട്ടം തൊഴിലാളികൾക്ക്  15 കിലോ അരി വീതം നൽകി സർക്കാർ ഒപ്പമുണ്ടെന്ന് തെളിയിച്ചു. ചെറുകിട, വൻകിട മേഖലാ ഭേദമില്ലാതെ ആദ്യമായാണ് തൊഴിലാളികൾക്ക് അരി വിതരണം നടക്കുന്നത്. അരലക്ഷം തൊഴിലാളികൾ ഇതിന്റെ ഗുണഭോക്താക്കളായി.  എസ്എഫ്‌സികെ, ഓയിൽപാം, ആർപിഎൽ  തൊഴിലാളികൾക്ക്   ബോണസ് വിതരണം നേരത്തെ  പൂർത്തിയായി. 
ദുരിതബാധിതർക്കായി ഒരേ മനസ്സോടെ നാടെങ്ങും നീങ്ങുന്നതാണ് ഇത്തവണത്തെ ഓണക്കാഴ്ച. ആഘോഷപരിപാടികൾ ഉപേക്ഷിച്ചു. ഇല്ലായ്മയിൽപെട്ട് ഉഴലുന്ന സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്നവരെയും കൈയും മെയ്യും കൊടുത്ത് സഹായിക്കാൻ,  അവർക്ക് ഭക്ഷണം നൽകാൻ, വസ്ത്രം നൽകാൻ, ഔഷധം നൽകാൻ തൊഴിലാളിസമൂഹം ഒന്നടങ്കം മുന്നോട്ടുവരുന്നു. ക്ഷേമപെൻഷൻ തുക ദുരിതാശ്വാസഫണ്ടിലേക്കു നൽകിയ നിരവധിപേരുണ്ട്. ജില്ലയിലെ തൊഴിൽമേഖലയുടെ നട്ടെല്ലായ അന്യസംസ്ഥാന തൊഴിലാളികളും ഫണ്ട് നൽകി മാതൃകയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top