20 July Friday
കൊല്ലം റെയില്‍വേ സ്റ്റേഷന്‍

വാര്‍ഷിക വരുമാനം 6 കോടി; പദവി ഉയര്‍ത്തല്‍ ഇനിയുമകലെ

സ്വന്തം ലേഖകന്‍Updated: Sunday Dec 24, 2017
കൊല്ലം > ആറുകോടി രൂപ വാര്‍ഷിക വരുമാനമുള്ള കൊല്ലം റെയില്‍വേ സ്റ്റേഷന്റെ ക്ളാസിഫിക്കേഷന്‍ പദവി ഉയര്‍ത്തല്‍ അനന്തമായി നീളുന്നു. രണ്ടാം കവാടത്തിന്റെയും ബുക്കിങ് സ്റ്റേഷന്‍, കൌണ്ടര്‍ എന്നിവയുടെയും തുടങ്ങിയ നിര്‍മാണം നിലച്ചു. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അനുവദിക്കുന്നതിലും റെയില്‍വേ മന്ത്രാലയം അനങ്ങുന്നില്ല. റെക്കോഡ് വരുമാനമുള്ള സ്റ്റേഷനോട് ചില ഉന്നത ഉദ്യോഗസ്ഥര്‍ തുടരുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണങ്ങളാണിത്.  
നിലവില്‍ എ ക്ളാസിഫിക്കേഷനിലുള്ള കൊല്ലം റെയില്‍വേ സ്റ്റേഷന്‍  എ വണ്ണിലേക്ക് ഉയര്‍ത്തുന്ന കാര്യത്തിലാണ് തീരുമാനം വൈകുന്നത്. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ളാസിഫിക്കേഷന്‍ നിര്‍ണയം. ഇതുവരെ ചെയ്ത പണികളുടെ ഇനത്തില്‍ ഒരു കോടിയിലേറെ രൂപ കരാറുകാര്‍ക്ക് നല്‍കാനുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ അനുവദിച്ചത് 10 കോടി രൂപയാണ്. ഘട്ടംഘട്ടമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. മൂന്ന് കോടിയുടെ കരാറിലാണ് രണ്ടാം കവാടം നിര്‍മാണം. 100 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ വീതിയിലുമാണ് മേല്‍പ്പാലം. മൂന്ന് കോടി ചെലവഴിച്ചാണ് ടിക്കറ്റ് കൌണ്ടര്‍, ബുക്കിങ് ഓഫീസ്, പാര്‍ക്കിങ്ങ് ഏരിയ തുടങ്ങിയവയുടെ നിര്‍മാണം. ടിക്കറ്റ് കൌണ്ടര്‍, ബുക്കിങ് ഓഫീസ് എന്നിവയുടെ കെട്ടിടംപണി പൂര്‍ത്തീകരിച്ചെങ്കിലും ഇലക്ട്രിക്കല്‍, പ്ളംബിംങ് പണി എങ്ങുമെത്തിയില്ല. കരാറുകാരന് കൃത്യമായി ഫണ്ട് നല്‍കാത്തതിനാല്‍ പണി മുടങ്ങി. അഞ്ച് ഏജന്‍സികള്‍ക്കാണ് നിര്‍മാണ കരാര്‍.  എസ്ക്കലേറ്ററിന് ഒന്നര കോടിയും ലിഫ്റ്റിന് ഒന്നര കോടിയുമാണ് നിര്‍മാണച്ചെലവ്.  
രണ്ടാം കവാടത്തിന്റെ നിര്‍മാണത്തിന് തുടക്കമായിട്ട് രണ്ട് വര്‍ഷമായി. പാര്‍ക്കിങ്ങ് സ്ഥലം ഒരുക്കുന്ന പണി എങ്ങുമെത്തിയില്ല. അവിടെ മണ്ണടിച്ചിട്ടത് മാത്രം മിച്ചം. പാര്‍ക്കിങ്ങ് നിര്‍മാണത്തിന്റെ കരാറുകാരനും ഫണ്ട് നല്‍കാനുണ്ട്. മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ് നടക്കാനിടയില്ല. സാധാരണ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് റെയില്‍വേ പണിക്ക് പറ്റിയ സമയമെന്ന് ഉദ്യോഗസ്ഥരും ചൂണ്ടികാട്ടുന്നു. പാര്‍ക്കിങ്ങ് സ്ഥലം ഒരുക്കിയെടുക്കാന്‍ ഇപ്പോഴത്തെ കാലാവസ്ഥ അനുയോജ്യമാണ്. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top