14 November Wednesday

ശാലിനിക്ക‌് ഇഎസ്ഐ ക്വാട്ടയിൽ എംബിബിഎസ് പ്രവേശനം

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

ശാലിനി

എഴുകോൺ
നിയമ പോരാട്ടങ്ങൾക്കൊടുവിൽ മകൾക്ക് ഇഎസ്ഐ ക്വാട്ടയിൽ എംബിബിഎസിന് പ്രവേശനം ലഭിച്ച സന്തോഷത്തിലാണ് നിർധന കശുവണ്ടിത്തൊഴിലാളി കുടുംബം. കാഷ്യു കോർപറേഷൻ ഫാക്ടറി തൊഴിലാളിയായ എഴുകോൺ കൊച്ചുവിള വീട്ടിൽ സരസ്വതിയുടെയും കർഷകനായ ശിശുപാലന്റെയും  മകൾ ശാലിനി ശിശുപാലനാണ് ഹൈക്കോടതി ഉത്തരവിൽ ഇഎസ്ഐ ക്വാട്ടയിൽ മെഡിസിന് അഡ്മിഷൻ ലഭിച്ചത്. 
 തൊഴിലാളികൾക്ക് നിശ്ചിത ഹാജരില്ലെന്ന കാരണത്താൽ ഏഴ് വിദ്യാർഥികളുടെ പ്രവേശനം ഇഎസ്ഐ കോർപറേഷൻ നിഷേധിച്ചിരുന്നു. എന്നാൽ മൂന്ന് മാസത്തിലധികം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഏഴ് വിദ്യാർഥികൾക്കും അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടേയും കാഷ്യു കോർപറേഷൻ ചെയർമാൻ എസ് ജയമോഹന്റെയും ഇടപെടീലിന്റെയും നിയമ സഹായങ്ങളുടേയും ഭാഗമായാണ് പ്രവേശനം സാധ്യമായത്. 
ബംഗളൂരൂ ഇഎസ്ഐ മെഡിക്കൽ കോളേജിലാണ് ശാലിനിക്ക‌് അഡ്മിഷൻ ലഭിച്ചത്. മെഡിസിൻ അഡ്മിഷൻ ആശങ്കയിലായിരുന്നതിനാൽ ശാലിനി  എൻജിനിയറിങ്ങിന് അഡ്മിഷൻ നേടിയിരുന്നു. പ്രളയക്കെടുതിയിൽ ഇടുക്കി എൻജിനിയറിങ്  കോളേജിൽനിന്ന‌് ശാലിനിയുടെ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങുന്നതിനുണ്ടായ പ്രയാസം സിപിഐ എം ഇടപെടലിൽ പരിഹരിച്ചു. ശാലിനിയുടെ അച്ഛൻ ശിശുപാലൻ സിപിഐ എം എഴുകോൺ ടൗൺ ബ്രാഞ്ച് സെക്രട്ടറിയാണ്. സിപിഐ എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ശാലിനിയെ അനുമോദിച്ചു. ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി എ എബ്രഹാം ശാലിനിയെ ആദരിച്ചു. പി അയിഷാപോറ്റി എംഎൽഎയും ശാലിനിയെ അഭിനന്ദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top