22 September Saturday

‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’ സിപിഐ എം ഭവനസന്ദർശനം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

 

കൊല്ലം
മഹാപ്രളയ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ  ‘എന്റെ പുതുവസ്ത്രം ഇവർക്കായി; നമുക്കൊരുക്കാം ദുരിതബാധിതരെ’ എന്ന സന്ദേശവുമായി ബുധനും വ്യാഴവും ഭവനസന്ദർശനം നടത്തും. പ്രളയക്കെടുതി അനുഭവിച്ചവർക്ക് താങ്ങും തണലുമായി സന്നദ്ധപ്രവർത്തനം നടത്തിവരുന്ന പാർടി വളന്റിയർമാരുടെ നേതൃത്വത്തിൽ വീടുകളും കടകമ്പോളങ്ങളും സന്ദർശിക്കും. ഈ ദിവസങ്ങളിൽ ഓരോ വീട്ടിൽനിന്നും ഓണക്കോടിയും പെരുന്നാൾക്കോടിയും മറ്റ് അവശ്യസാധനങ്ങളും പാർടി പ്രവർത്തകർ സമാഹരിക്കും. എല്ലാം നഷ്ടപ്പെട്ടവർക്ക് അന്നവും വസ്ത്രവും നൽകി സഹായവഴികൾ തുറക്കാൻ നാടാകെ ഒറ്റമനസ്സായി ഒരുമിക്കുന്ന  സന്ദർഭത്തിൽ ജില്ലയിൽ അഞ്ചു ലക്ഷം കുടുംബങ്ങൾ സന്ദർശിച്ച് പുതുവസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും ശേഖരിച്ച് കൂടുതൽ ദുരന്തമുണ്ടായ സ്ഥലങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. പുതുവസ്ത്രങ്ങളായി പൊതുജനങ്ങളും സ്ഥാപനങ്ങളും നൽകുന്ന സാരി, നൈറ്റി, ലുങ്കി, മുണ്ട്, ഷർട്ട്, പുതപ്പുകൾ, കൂടാതെ കുട്ടികൾക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവയും ശേഖരിക്കും. ഇതിനായി ജില്ലയിലെ 3000 വരുന്ന പാർടി ഘടകങ്ങളിലെ അംഗങ്ങളും അനുഭാവികളും പാർടി ബന്ധുക്കളും രംഗത്തിറങ്ങും.  ‘എന്റെ പുതുവസ്ത്രം എന്റെ കൂട്ടുകാരന് ; പുതുവസ്ത്രം എന്റെ കൂട്ടുകാരിക്ക് എന്ന പ്ലക്കാർഡുമേന്തി ബാലസംഘം പ്രവർത്തകരും പുതുവസ്ത്രങ്ങൾ സംഭരിക്കാൻ ഇറങ്ങും. ഈ വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ എല്ലാ പ്രവർത്തകരോടും ബഹുജനങ്ങളോടും സിപിഐ എം ജില്ലാസെക്രട്ടറി എസ‌് സുദേവൻ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top