Top
25
Sunday, June 2017
About UsE-Paper

കശുമാവ് പൂക്കും കാലത്തിനായി നാടൊന്നാകെ; ജനകീയോത്സവമായി തുടക്കം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
കശുമാവ് പൂക്കുംപദ്ധതി കരുനാഗപ്പള്ളിയില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി > കശുമാവ് വ്യാപന പദ്ധതിക്ക് കരുനാഗപ്പള്ളയില്‍ ഉജ്വല തുടക്കം. പദ്ധതില്‍പ്പെടുത്തി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ഒരുക്കുന്ന കശുമാവ് പൂക്കും കാലം പദ്ധതി ഏറ്റെടുക്കാന്‍ നാടൊന്നാകെ അണിനിരന്നു. ചടങ്ങിന് പൊതുപ്രവര്‍ത്തകരും ഗ്രന്ഥശാലാ പ്രവര്‍ത്തകരും കശുവണ്ടി തൊഴിലാളികളുമെല്ലാം ഒഴുകിയെത്തി. ഒരേക്കര്‍ കൃഷിഭൂമിയില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍പ്പെട്ട അന്‍പതിലധികം പ്രമുഖര്‍ ചേര്‍ന്നാണ് കശുമാവിന്‍തൈകള്‍ നട്ടത്. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കശുവണ്ടി വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ ഉത്ഘാടന വേദി വേറിട്ട കാഴ്ചയായി മാറി.

പടനായര്‍കുളങ്ങര വടക്ക് അഹമ്മദ്കുട്ടി നന്മക്കൂട്ടം ലൈബ്രറിയിലാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയത്. ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ കൂടിയായ ബാലഗോപാലിന്റെ കൃഷി ഭൂമിയിലേക്ക് താലൂക്കിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേര്‍ന്നു. വന്നവര്‍ക്കെല്ലാം വട്ടയിലയില്‍ വിളമ്പിയ നാടന്‍ പുഴുക്കും ചുക്കുകാപ്പിയുമായി വനിതാവേദി പ്രവര്‍ത്തകരും ലൈബ്രേറിയന്‍മാരും ഓടിനടന്നു. താലൂക്കിലെ അംഗ ഗ്രന്ഥശാലകള്‍ വഴി 10000 കശുമാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതി വിശദീകരിച താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍ പറഞ്ഞു.

കൃഷിക്കാര്‍ക്ക് നേട്ടം കൈവരിക്കുന്നതിനൊപ്പം ജില്ലയിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴില്‍ മേഖലക്ക് കൈത്താങ്ങായി മാറുക എന്നതാണ് കശുമാവ് കൃഷി വ്യാപന പദ്ധതിയുടെ പ്രത്യേകതയെന്ന് ഉദ്ഘാടനം ചെയ്ത കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. ആര്‍ രാമചന്ദ്രന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. രമണന്‍ ചിറ്റൂത്തറയില്‍ അധ്യക്ഷനായി. അന്‍പതിലധികം പ്രമുഖര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ തടങ്ങളില്‍ കശുമാവിന്‍ തൈകള്‍ നട്ടാണ് പദ്ധതി ഉദ്ഘാടനം നടന്നത്.





 

Related News

കൂടുതൽ വാർത്തകൾ »