18 November Sunday

ആരോരുമില്ലാത്ത ബാല്യങ്ങൾക്ക‌് അഭയമായി ആശ്രയ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ‌്സൺ കോമളകുമാരി, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ‌് പി ലൈലാബീവി എന്നിവർ ചേർന്ന് കുട്ടികളെ ആശ്രയകേന്ദ്രത്തിനു കൈമാറുന്നു

അഞ്ചൽ 
ഉറ്റവർ വിടപറഞ്ഞതോടെ സംരക്ഷണമില്ലാതെ ചെറ്റക്കുടിലിനുള്ളിൽ ഒറ്റപ്പെട്ട പിഞ്ചുബാല്യങ്ങൾക്ക് ഇനി അഭയം കലയപുരം ആശ്രയ. വർഷങ്ങൾക്കു മുമ്പ് അമ്മ മരിച്ചതോടെ അച്ഛൻ സുരേന്ദ്രന്റെ സംരക്ഷണയിൽ കഴിയുകയായിരുന്ന ഡിപ്പോ പുറമ്പോക്കിൽ താമസിക്കുന്ന പത്താംക്ലാസുകാരി സൂര്യ, സഹോദരങ്ങളായ ശിവകുമാർ, ഹരികുമാർ എന്നിവരെ കഴിഞ്ഞദിവസം  ആശ്രയകേന്ദ്രം ഏറ്റെടുത്തു.  ഹൃദ‌്‌രോഗബാധിതനായ സുരേന്ദ്രൻ  രണ്ടാഴ്ച മുമ്പാണ് മരിച്ചത്.  ഇതോടെ ജീവിത യാഥാർഥ്യത്തിനു മുന്നിൽ ഇനി എന്തെന്നറിയാതെ ഒറ്റപ്പെട്ട് കുരുന്നുകൾ പകച്ചു നിൽക്കുകയായിരുന്നു.
ഇതേ തുടർന്ന് ആശ്രയകേന്ദ്രം ജനറൽസെക്രട്ടറി കലയപുരം ജോസ് കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. അച്ഛന്റെ മരണാനന്തരചടങ്ങ് കഴിഞ്ഞദിവസം കഴിഞ്ഞതോടെ  ഇവർ കണ്ണീരോടെ നാടിനോട്  യാത്രപറഞ്ഞു.  കുളത്തൂപ്പുഴ പഞ്ചായത്ത് ഇടപെട്ട്  ആശ്രയ കേന്ദ്രത്തിന് കൈമാറുകയായിരുന്നു. 
കുട്ടികളുടെ സംരക്ഷണവും പഠനവും ആശ്രയ വഹിക്കും. കൂടാതെ അന്തിയുറങ്ങാൻ ഇടമില്ലാതെ ചെറ്റക്കുടിലിൽ കഴിഞ്ഞ ഇവർക്ക് കുളത്തൂപ്പുഴയിൽ തന്നെ ഭൂമി വാങ്ങി വീട് നിർമിച്ചു നൽകാനും ആശ്രയ പദ്ധതി ഒരുക്കും. ചൈൽഡ് വെൽഫെയർകമ്മിറ്റി ചെയർപേഴ്സൺ കോമളകുമാരി, കലയപുരം ജോസ്, ഭാര്യ മിനി ജോസ്, ആശ്രയ ശിശുഭവൻ സൂപ്രണ്ട‌് റീനാജോസഫ്, പഞ്ചായത്ത് പ്രസിഡന്റ‌് പി ലൈലാബീവി, വാർഡ് അംഗം എസ് നളിനിയമ്മ, കെ ജി ബിജു  എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ കൈമാറി.  
പ്രധാന വാർത്തകൾ
Top