16 October Tuesday

അഷ്ടമുടിക്ക് ചേരുന്ന ടൂറിസം പദ്ധതികള്‍ തയ്യാറാക്കണം: മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017
കൊല്ലം > അഷ്ടമുടി കേന്ദ്രീകരിച്ച് ടൂറിസം വികസനം പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ പുതുമയുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കലക്ട്രേറ്റില്‍ എം മുകേഷ് എംഎല്‍എ യുടേയും കലക്ടര്‍ എസ് കാര്‍ത്തികയേന്റേയും സാന്നിദ്ധ്യത്തില്‍ നടന്ന ടൂറിസം അടക്കമുള്ള വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
അഷ്ടമുടിയുടെ എട്ട് മുടികളേയും ബന്ധപ്പെടുത്തിയ ട്രാംകാര്‍ യാത്രയ്ക്കായി സാധ്യതാപഠനം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തീരത്ത് കൂടി കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും മാത്രമുള്ള റിങ്റോഡ് സംവിധാനത്തിനും പദ്ധതി തയ്യാറാക്കണം. കായല്‍ക്കയ്യേറ്റം തടയുന്നതിന് സഹായമാകുന്ന നിലയിലാകണം പദ്ധതി. അഷ്ടമുടിയിലെ കണ്ടല്‍ വൈവിദ്ധ്യം ആസ്വദിക്കുന്നതിന് പരിസ്ഥിതി സൌഹൃദ യാത്രയ്ക്കുള്ള അവസരം ഒരുക്കണം. ആശ്രാമത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സാങ്കേതിക അനുമതിക്കായി നടപടികള്‍ വേഗത്തിലാക്കണം. പുള്ളിക്കടയില്‍ മാലിന്യ ട്രീറ്റ്മെന്റ് പ്ളാന്റിന് മുന്‍ഗണന നല്‍കണം. 
ചരിത്രപ്രാധാന്യമുള്ള എസ്എംപി പാലസ് മ്യൂസിയമോ ആര്‍ട്ട് ഗ്യാലറിയോ ആക്കിമാറ്റുന്നതിനുള്ള സാധ്യതയും പരിശോധിക്കണം. മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍ അനില്‍കുമാര്‍, ടൂര്‍ഫെഡ് എം ഡി ഷാജിമാധവന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാജ്കുമാര്‍, ഡിടിപിസി സെക്രട്ടറി സി. സന്തോഷ് കുമാര്‍ എന്നവര്‍ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
Top