21 November Wednesday

മിന്നൽവേഗത്തിൽ രക്ഷാപ്രവർത്തനം; നേതൃത്വം നൽകി മന്ത്രിമാരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

അപകടസ്ഥലം മന്ത്രിമാരായ ജെ മേഴ്്‌സിക്കുട്ടിഅമ്മ, എ കെ ശശീന്ദ്രൻ എന്നിവർ സന്ദർശിച്ചപ്പോൾ

ചാത്തന്നൂർ 

ഇത്തിക്കര പാലത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ രക്ഷകരായി ആദ്യമെത്തിയത‌് നാട്ടുകാർ. ചരക്ക‌ുലോറിയും കെഎസ‌്ആർടിസി സൂപ്പർ എക‌്സപ്രസും കൂട്ടിയിടിച്ച ശബ്ദവും യാത്രക്കാരുടെ നിലവിളിയുംകേട്ട‌് സമീപവാസികൾ ഓടിയെത്തി. അപകടം നടന്ന‌് മിനിറ്റുകൾക്കകം തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. ജനപ്രതിനിധികളും അപകടസ്ഥലത്തേക്ക് പാഞ്ഞെത്തി.
ചാത്തന്നൂർ എസിപി ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരവൂർ, കൊല്ലം, വർക്കല ഫയർഫോഴ്സ് യൂണിറ്റുകളും എത്തിയതോടെ രക്ഷാപ്രവർത്തനത്തിന‌് ഗതിവേഗം പകർന്നു. ആബുലൻസ് സർവീസുകൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചുകൊണ്ടിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
 പാരിപ്പള്ളി മുതൽ കൊട്ടിയം വരെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായി. കല്ലുവാതുക്കൽ, മൈലക്കാട് പ്രദേശങ്ങളിൽ വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു. റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനങ്ങൾ ദേശീയപാതയിൽനിന്ന‌് മാറ്റി ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. 
 മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മ, എ കെ ശശീന്ദ്രൻ, കെ രാജു, ജി എസ് ജയലാൽ എംഎൽഎ, കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി, സിപിഐ എം ജില്ലാ സെക്രട്ടറി എസ‌് സുദേവൻ, ചാത്തന്നൂർ ഏരിയ  സെക്രട്ടറി  കെ സേതുമാധവൻ, സിഐടിയു ജില്ലാ പ്രസിഡന്റ‌് ബി തുളസീധരക്കുറുപ്പ‌്,  സിറ്റി പൊലീസ് കമീഷണർ അരുൾ ആർ ബി കൃഷ്ണ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top