25 September Tuesday
ആദ്യദിനം സമാഹരിച്ചത് 6.25 കോടി രൂപ

കനിവോടെ കൊല്ലത്തിന് ആവേശകരമായ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കുന്നത്തൂർ താലൂക്ക്‌ ഓഫീസിൽ നടന്ന കനിവോടെ കൊല്ലം പരിപാടിയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ സംസാരിക്കുന്നു

കൊല്ലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞം കനിവോടെ കൊല്ലത്തിന് ആവേശകരമായ  തുടക്കം. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ  നേതൃത്വത്തിൽ  നടന്ന പരിപാടികളിൽ 6.25 കോടി  രൂപ സമാഹരിച്ചു. കരുനാഗപ്പള്ളിയിൽ 5.38 കോടി രൂപയും പ്രളയബാധിത മേഖലയായ കുന്നത്തൂരിൽ 87.5 ലക്ഷം രൂപയും ലഭിച്ചു. 
തദ്ദേശഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ, സന്നദ്ധ സംഘടനകൾ, സ്‌കൂൾ വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ള ജനസഞ്ചയം പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനുള്ള ധനസമാഹരണയജ്ഞത്തിൽ പങ്കാളികളാകാനെത്തി. 
പ്രളയബാധിത മേഖലകളിലെ രക്ഷ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച  ജില്ല അതിജീവനത്തിനുള്ള നാടിന്റെ പരിശ്രമത്തിലും വേറിട്ട മാതൃക സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു. 
കെഎംഎംഎൽ പ്രഖ്യാപിച്ച രണ്ടാംഘട്ട ധനസഹായമായ നാലു കോടി രൂപ ഉൾപ്പെടെയാണ് കരുനാഗപ്പള്ളിയിൽ 5.38 കോടി രൂപ ലഭിച്ചത്. പന്മന പഞ്ചായത്ത് 30 ലക്ഷം രൂപയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 16 ലക്ഷം രൂപയും നൽകി. 
കുന്നത്തൂർ താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ശാസ്താംകോട്ട പഞ്ചായത്ത് 15 ലക്ഷം രൂപയും മൈനാഗപ്പള്ളി, ശൂരനാട് നോർത്ത്, പോരുവഴി പഞ്ചായത്തുകൾ പത്തു ലക്ഷം രൂപ വീതവും ശൂരനാട് സൗത്ത്, കുന്നത്തൂർ പഞ്ചായത്തുകൾ അഞ്ചു ലക്ഷം രൂപ വീതവും മന്ത്രിക്കു കൈമാറി. 
കരുനാഗപ്പള്ളിയിൽ ആർ രാമചന്ദ്രൻ എംഎൽഎ  അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, എൻ വിജയൻപിള്ള എംഎൽഎ,  പ്രിൻസിപ്പൽ സെക്രട്ടറി അനിൽ സേവ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി,  കലക്ടർ എസ് കാർത്തികേയൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ എം ശോഭന, വൈസ് ചെയർമാൻ രവീന്ദ്രൻപിള്ള, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണിപ്പിള്ള, എഡിഎം ബി ശശികുമാർ, തഹസിൽദാർ സാജിതാ ബീഗം തുടങ്ങിയവർ പങ്കെടുത്തു.
കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി.  കലക്ടർ എസ് കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാദേവിപ്പിള്ള, ജില്ലാ പഞ്ചായത്ത‌്അംഗം കെ ശോഭന, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ശങ്കരപ്പിള്ള, തഹസിൽദാർ എഫ് റോയികുമാർ തുടങ്ങിയവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top