22 September Saturday

ദേവഗിരി കോളനിയില്‍ പട്ടയം കാത്ത് 28 കുടുംബങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 12, 2017

പട്ടയത്തിനായി നീണ്ടനാളത്തെ കാത്തിരിപ്പുമായി ദേവഗിരി കോളനി നിവാസികള്‍

പഴയ അടൂര്‍ താലൂക്കില്‍ ആദ്യമായി സ്ഥാപിച്ച പട്ടികജാതി വികസന കോളനികളില്‍ ഒന്നാണ് പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് കോളനി. എന്നാല്‍ പതിറ്റാണ്ടുകളായി കൈവശമുള്ള ഭൂമിക്ക് പട്ടയം കിട്ടാതെ വലയുകയാണ് ഇവിടെ 28 കുടുംബങ്ങള്‍. 

1952 ല്‍ ഹരിജന്‍ വെല്‍ഫയര്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് കൈമാറിയതാണ് ദേവഗിരിയില്‍ 66 ഏക്കര്‍ 18 സെന്റ് ഭൂമി. ആദ്യ ഘട്ടത്തില്‍ 20 കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ വീതം ഭൂമിയും വീടും  സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. പിന്നീട് പട്ടികജാതി വികസന വകുപ്പിന്റെ അനുമതി വാങ്ങി  സ്വന്തമായി ഭൂമിയില്ലാത്ത നിരവധി കുടുംബങ്ങള്‍ ഈ കോളനിയില്‍ താമസം തുടങ്ങി. കോളനിയില്‍ വെള്ളവും വൈദ്യുതിയും അടിസ്ഥാന സൌകര്യങ്ങളുമെല്ലാം  ലഭ്യമായെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളോ, പട്ടയമോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല. 1971ല്‍ നായനാര്‍ സര്‍ക്കാര്‍ വീടുകള്‍ക്ക് പട്ടയം കൊടുത്തു.  തുടര്‍ന്ന് 91 ലും 2001 ലും  പട്ടയം നല്‍കി.  പലതവണ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാരുകള്‍ മാത്രമാണ്  കോളനിയില്‍ പട്ടയത്തിനായി നടപടികള്‍ സ്വീകരിച്ചതെന്ന് കോളനി നിവാസികള്‍ ഓര്‍ക്കുന്നു. പദ്ധതി ഫലപ്രദമായതോടെ  താലൂക്കിലെ മറ്റ് സ്ഥലങ്ങളിലൂം സര്‍ക്കാര്‍ സമാനമായി കോളനികള്‍ സ്ഥാപിച്ചു. 
കൈമാറിയും, പിന്തുടര്‍ച്ചയായി വന്നതുമുള്‍പ്പെടെ നൂറിലധികം കുടുംബങ്ങള്‍ ഇവിടെയുണ്ട്. കാലാകാലങ്ങളില്‍ പട്ടയത്തതിനായി അപേക്ഷ നല്‍കിയതിലെ പിഴവുകളും നടപടിക്രമങ്ങളിലെ വീഴ്ചകളും മൂലം പിന്തള്ളപ്പെട്ട  28 കുടുംബങ്ങള്‍ക്കാണ് ഇനിയും പട്ടയം ലഭിക്കേണ്ടത്.  മുമ്പ് കോളനിയില്‍ പട്ടയം നല്‍കിയിരുന്നതെല്ലാം ഒരേക്കര്‍ വരെ   കൈവശമുള്ള ഭൂമിക്കാണ്. 28 കുടുംബങ്ങളുടേതുള്‍പ്പെടെ എട്ട് ഏക്കറില്‍ താഴെ ഭൂമിക്ക് മാത്രമാണ് ഇനി പട്ടയം ലഭിക്കാനുള്ളത്. പട്ടയത്തിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ കോളനിവാസികള്‍ നിരവധി തവണ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. മാത്രമല്ല സീറോ ലാന്‍ഡ് പദ്ധതി പ്രകാരം കോളനി നിവാസികളുടെ ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ നടപടികളും തുടങ്ങി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നതോടെ നടപടി നിര്‍ത്തി. സര്‍ക്കാര്‍ പദ്ധതി പ്രകാരം  സ്ഥാപിച്ച കോളനിയില്‍  തലമുറകളായി കഴിയുന്ന തങ്ങള്‍ക്ക് അതിവേഗം പട്ടയം ലഭ്യമാക്കണമെന്ന  അപേക്ഷയുമായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ഈ കുടുംബംഗങ്ങള്‍.

തഴവയുടെ തഴപ്പായ പെരുമ തിരിച്ചുവരുമോ

ഓണാട്ടുകരയുടെ  പോയകാല കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാനായാല്‍ തലമുറകളായി കൈമാറിവന്ന പാരമ്പരാഗത തൊഴിലായ  തഴവയുടെ സ്വന്തം തഴപ്പായുടെ  തിരിച്ചുവരവും സാധ്യമാക്കാം. തഴവ പഞ്ചായത്തിലെ ലക്ഷം വീട് കോളനി നിവാസികള്‍ ഈ പ്രതീക്ഷയിലാണ്. 1972 ലെ ഇടത് സര്‍ക്കാരിന്റെ ലക്ഷം വീട് ഭവന പദ്ധതി പ്രകാരം തഴവയില്‍ നൂറിലധികം  കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭിച്ചു.  തഴവയുടെ സ്വന്തം തഴപ്പായ നിര്‍മാണത്തിന് പേരുകേട്ട കോളനിയാണ് ലക്ഷം വീട് കോളനി. 
കൈത ചീകലും, പുഴുങ്ങലും തഴപ്പായ നിര്‍മാണവുമായി  കോളനിയിലെ വീടുകള്‍ സജീവമായിരുന്നു.  ഓണാട്ടുകരയുടെ കാര്‍ഷിക വാണിജ്യ രംഗങ്ങളുടെ വളര്‍ച്ചക്ക് ഒരു കാലത്ത് ലക്ഷം വീട് കോളനികളുടെ പങ്ക് ചെറുതായിരുന്നില്ല. കുറ്റിപ്പുറം കുതിരപ്പന്തി,  കരുനാഗപ്പള്ളി ചന്തകള്‍ കോളനിയിലെ തഴ ഉല്‍പ്പന്നങ്ങളുടെ വലിയ  വിപണന കേന്ദ്രങ്ങളായിരുന്നു. പള്ളിക്കലാറിലൂടെ കൈത ഉല്‍പ്പന്നങ്ങള്‍ അന്യ നാടുകളിലേക്ക് പോലും കയറ്റി അയച്ചിട്ടുണ്ട്. വിദേശികള്‍ പോലും തഴപ്പായ തേടി കോളനിയിലെത്തി. ആണ്‍ - പെണ്‍ കൈതകള്‍ ഇടതൂര്‍ന്ന ഹരിതാഭമായ പ്രദേശമായിരുന്നു കോളനിയുടേത്.   തഴപ്പായുടെ  പ്രൌഢി നഷ്ടമായതോടെ  കോളനിയും ക്ഷീണിച്ച് തുടങ്ങി.  
ഒരു ഭിത്തിയാല്‍ മാത്രം വേര്‍തിരിച്ചിട്ടുള്ള ഇരട്ട വീടുകളാണ് കോളനിയില്‍ ഉണ്ടായിരുന്നത്. കൈതകളുടെ നശീകരണവും വിലയിടിവും മൂലം പലരും തഴപ്പായ വ്യവസായം ഉപേക്ഷിച്ചു.  കോളനിയില്‍ ഇന്ന് ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അപൂര്‍വമായി തഴപ്പായ നെയ്യുന്നത്. തഴപ്പായുടെ തകര്‍ച്ചയോടെ കോളനിയുടെ സമൃദ്ധിയും ഇല്ലാതായെന്ന് കോളനി നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങളും മതിലുകളും മുള്ളുവേലികളുമാണ് തഴപ്പായ വ്യവസായത്തെ തകര്‍ത്തതെന്നാണ്  ഇപ്പോഴും തഴപ്പായ നെയ്യുന്ന അറുപത്തിനാലുകാരി  ശാന്ത പറയുന്നു. ലക്ഷം വീട് കോളനിയില്‍  നിന്നും തിരുവിതാംകൂര്‍ രാജാവിന് മെത്തപായ് നെയ്ത് കൊണ്ടുപോയ ചരിത്രമുണ്ട്. തഴപ്പായയുടെ പ്രതീകങ്ങളായി ലക്ഷം വീട് കോളനി വീടുകളുടെ അതിരുകളില്‍ കൈതകള്‍ അങ്ങിങ്ങായി ഇപ്പോഴും കാണാം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top