19 September Wednesday
സപ്ലൈകോ ഓണം‐ബക്രീദ് വിപണന മേള

ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ് 60 ശതമാനം വരെ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

 കൊല്ലം

ഇക്കൊല്ലത്തെ സപ്ലൈകോ ഓണം‐ബക്രീദ് വിപണനമേള പീരങ്കി മൈതാനത്ത് തുടങ്ങി. വിലക്കുറവിന്റെ വിപണി മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റമില്ലാത്ത സാഹചര്യം സൃഷ്ടിച്ചതിനൊപ്പം വിപണി വിലയേക്കാൾ 60 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോ ഫെയറുകളിലൂടെ സർക്കാർ  ഉറപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അരി ഉൾപ്പെടെ 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് ഗുണനിലവാരം ഉറപ്പാക്കി നൽകുന്നത്. സപ്ലൈകോയുടേതല്ലാത്ത ഉൽപ്പന്നങ്ങൾക്ക് 30 ശതമാനമാണ് വിലക്കിഴിവ്.  
ആശ്വാസ പദ്ധതികൾ നടപ്പിലാക്കി സാധാരണക്കാർക്ക് സാമ്പത്തികഭാരം അധികരിക്കാത്ത ഓണക്കാലമാണ് സർക്കാർ സമ്മാനിക്കുന്നത്.  സപ്ലൈകോയുടെ പ്രത്യേക ഉൽപ്പന്നങ്ങൾക്ക് വലിയതോതിലുള്ള വിലക്കുറവും ലഭ്യമാക്കിയിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. 
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി ആദ്യവിൽപ്പന നിർവഹിച്ചു. മേയർ അഡ്വ. വി രാജേന്ദ്രബാബു, കോർപറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ, സിവിൽ സപ്ലൈസ് ഡയറക്ടർ ടി ആർ നരസിംഹുഗാരി റെഡി, ജില്ലാ ഓഫീസർ ഷാജി കെ ജോൺ തുടങ്ങിയവർ സംസാരിച്ചു. ജില്ലാതല മേള 24  ന‌് സമാപിക്കും.
പ്രധാന വാർത്തകൾ
Top