Top
21
Tuesday, November 2017
About UsE-Paper

വേലിയേറ്റം, മണ്‍ട്രോതുരത്ത് വെള്ളത്തില്‍ മുങ്ങി

Friday Nov 10, 2017
വെബ് ഡെസ്‌ക്‌
വേലിയേറ്റം ശക്തമായതിനെ തുടര്‍ന്ന് വെള്ളത്തിലായ മണ്‍ട്രോതുരുത്തിലെവീടുകളിലൊന്ന്
കൊല്ലം > വേലിയേറ്റം, മണ്‍ട്രോതുരത്ത് വെള്ളത്തില്‍ മുങ്ങി.  പെരുങ്ങാലം, തെക്കേനെന്‍മേനി, പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്,  കിടപ്രം തെക്ക്, കിടപ്രം വടക്ക്, കണ്‍ട്രാംകാണി,  തുടങ്ങിയ വാര്‍ഡുകളാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്.  
അഷ്ടമുടിക്കായലില്‍ നിന്ന് പുലര്‍ച്ചെ നാലിന് ഇരച്ചുകയറുന്ന വെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കാല്‍നട യാത്ര മാത്രം സാധ്യമായ ഇവിടെ നടപ്പാതകള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായതോടെ എന്ത്് ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. പുലര്‍ച്ചെ കയറുന്ന വെള്ളം ഇറങ്ങിപ്പോകാത്തതും തലവേദന സൃഷ്ടിക്കുന്നു. മുറികളില്‍ ചെളിയും വെള്ളവും  നിറഞ്ഞതിനാല്‍ ഊണും ഉറക്കവും നഷ്ടപ്പെട്ട അവസ്ഥയാണ് ഇവിടുത്തുകാര്‍ക്ക്.  കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ, തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളിലോ എത്താന്‍ കഴിയുന്നില്ല.   
നേരത്തെ വര്‍ഷം രണ്ടുമാസം മാത്രമായിരുന്നു ഇവിടെ വേലിയേറ്റം.  ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ തുലാവേലിയില്‍ 0.75മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും ഡിസംബര്‍-ജനുവരി മാസങ്ങളിലെ ധനുവേലിയില്‍ 0.4 മീറ്റര്‍ മുതല്‍ 0.8 മീറ്റര്‍  വരെയും വേലിയേറ്റമുണ്ടാകുകയും വൈകിട്ട് അഞ്ചുമുതല്‍ പുലര്‍ച്ചെ അഞ്ചിനകം വെള്ളം കയറിയിറങ്ങി പോകുന്നതായിരുന്നു പതിവ്.  എന്നാല്‍, സുനാമിക്കുശേഷമാണ് വേലിയേറ്റം ശക്തമായത്.  എട്ടുമാസം വരെ വേലിയേറ്റഭീഷണിയില്‍ കഴിയുന്ന ഇവിടെ ആഴ്ചകളോളം വെള്ളം ഒഴിഞ്ഞുപോകാറുമില്ല. ഇത് സാംക്രമിക രോഗഭീഷണിയും  ഉയര്‍ത്തുന്നു. വെള്ളംകയറി  അടിസ്ഥാനം താഴ്ന്നതോടെ  ഏതുനിമിഷവും വീടുകള്‍  നിലംപറ്റുമെന്ന ഭീഷണി അടിയന്തിര സഹായം എത്തിക്കണമെന്നും  പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
എന്നാല്‍ വേലിയേറ്റക്കെടുതിയില്‍ നട്ടം തിരിയുന്ന മണ്‍ട്രോതുരത്തുകാര്‍ക്ക്  ആധുനിക ശുചിമുറികള്‍ ആശ്വാസമായി. വെള്ളക്കെട്ടാല്‍  ചുറ്റപ്പെട്ട താഴ്ന്ന സ്ഥലങ്ങളില്‍ 200ഓളം ബയോടോയ്ലറ്റുകളാണ് നിര്‍മിച്ചിട്ടുള്ളത്. 
കേരളത്തെ വെളിയിട വിസര്‍ജ്യമുക്ത സംസ്ഥാനമാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തുരുത്തുകാര്‍ക്ക് നവീന ശുചിമുറികള്‍ നല്‍കിയത്.