17 December Monday
മിഠായിയിൽ അടങ്ങിയിരിക്കുന്നത് ഹാനികരമായ നിറങ്ങൾ

ലോലിപോപ്പ് നിരോധിച്ചു

സ്വന്തം ലേഖികUpdated: Friday Aug 10, 2018
കൊല്ലം
ലോലിപോപ്പ‌് മിഠായികളിൽ  അടങ്ങിയിരിക്കുന്നത‌് ‌വൃക്കയെയും കരളിനെയും ഗുരുതരമായി ബാധിക്കുന്ന  കൃത്രിമ നിറങ്ങൾ.  അനുവദനീയമായ അളവിൽ കൂടുതൽ ടാർട്രാസിൻ, കാർമോസിൻ എന്നീ രാസവസ‌്തുക്കൾ  കലർത്തിയതായി റീജ്യണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന‌്  സംസ്ഥാനത്ത‌് കഴിഞ്ഞ ദിവസം ഈ മിഠായിയുടെ വിൽപ്പന  ഭക്ഷ്യസുരക്ഷാ കമീഷണർ  നിരോധിച്ചു.  ചെന്നൈയിലെ അലപ്പാക്കത്ത‌് ഉൽപ്പാദിപ്പിച്ചുവന്ന ഈ മിഠായി ബ്രൗൺ, മഞ്ഞ, വെള്ള, ചുമപ്പ‌്, ഓറഞ്ച‌്, കറുപ്പ‌്, പച്ച നിറങ്ങളിൽ സംസ്ഥാനത്തെ വിപണികളിൽ സുലഭമായിരുന്നു. 
ചെറിയ അളവിൽപോലും ശരീരത്തിൽ   ഈ  രാസവസ‌്തുക്കൾ  ചെന്നാൽ കിഡ‌്നിയെയും കരളിനെയും ഗുരുതരമായി ബാധിക്കുമെന്നിരിക്കെയാണ‌് കുട്ടികളെ ആകർഷിക്കാൻ അമിത അളവിൽ നിറങ്ങൾ കലർത്തി മിഠായി ഉൽപ്പാദിപ്പിച്ചുവന്നത‌്. 
 ജീവിതശൈലീരോഗത്തിന‌് പുറമെ അർബുദത്തിനും ഇത‌് ഇടയാക്കുമെന്ന‌് ആരോഗ്യ  വിദഗ‌്ധർ പറഞ്ഞു. ബ്രൗൺ,  മഞ്ഞ, വെള്ള കളറിലുള്ള മിഠായികളിൽ  കിലോഗ്രാമിൽ 128.67 മില്ലിഗ്രാം ടാർട്രാസിൻ   അടങ്ങിയിരിക്കുന്നതായാണ‌് പരിശോധനയിൽ  കണ്ടെത്തിയത‌്. 
പച്ച, ചുമപ്പ‌്, ഓറഞ്ച‌്  മിഠായികളിൽ 152.85 മില്ലിഗ്രാമാണ‌് അടങ്ങിയിട്ടുള്ളത‌്.   ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച‌് 100 മില്ലിഗ്രാം മാത്രമാണ‌് അനുവദനീയം. കറുപ്പ‌്, ചുമപ്പ‌്,  വെള്ള മിഠായികളിൽ  123.46 മില്ലിഗ്രാം,   ഓറഞ്ചിൽ 165.48 മില്ലിഗ്രാം   കാർമോയിസിനും അടങ്ങിയിട്ടുണ്ട‌്. ഇതിന്റെയും അനുവദനീയ അളവ‌് 100 മില്ലിഗ്രാം ആണ‌്.       
ലേബലിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത എറിത്രോസിനും മിഠായികളിൽ കണ്ടെത്തിയിട്ടുണ്ട‌്.  മിഠായി ഉൽപ്പാദകർക്കും മൊത്തക്കച്ചവടക്കാർക്കുമെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം പ്രോസിക്യൂഷൻ നടപടി  സ്വീകരിക്കാൻ കമീഷണർ എം ജി രാജമാണിക്യം ഉത്തരവ‌് നൽകിയിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top