21 November Wednesday

എസ്എഫ്ഐ പ്രവർത്തകനെ എസ്ഐ മർദിച്ച സംഭവം: മുഖ്യമന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖകൻUpdated: Thursday Aug 9, 2018
കൊല്ലം 
എസ്എഫ്ഐ പ്രവർത്തകനെ അകാരണമായി എസ്ഐ മർദിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കരുനാഗപ്പള്ളി ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് വിദ്യാർഥി കാവനാട് കന്നിമേൽചേരി പെരുമ്പട്ടിൽ അഖിൽ കൃഷ്ണനെ കരുനാഗപ്പള്ളി  എസ്ഐ ശ്യാംകുമാർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം തിങ്കളാഴ്ച വൈകിട്ട് മർദിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 
വിദ്യാർഥിയെ എസ്ഐ മർദിക്കുന്ന സിസിടിവി ദൃശ്യംകഴിഞ്ഞദിവസം സിറ്റി പൊലീസ് കമീഷണർക്ക് വിദ്യാർഥികൾ സമർപ്പിച്ചിരുന്നു. അതിനിടെ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. എസ്ഐക്കെതിരെ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട് അഖിലും ബന്ധുക്കളും സഹപാഠികളും മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ, കേരള പൊലീസ് കപ്ലയിന്റ് അതോറിറ്റി, ഡിജിപി, സംസ്ഥാന യുവജന കമീഷൻ എന്നിവർക്ക് പരാതി നൽകി. എസ്ഐയുടെ അക്രമത്തിനെതിരെ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും ഒന്നടങ്കം പ്രതിഷേധിച്ചു. എന്നാൽ, കൊല്ലത്ത് ബൻസിഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴിയെടുക്കാൻ ബുധനാഴ്ച രാത്രിവരെ പൊലീസ് തയ്യാറായിട്ടില്ല. എസ്എസ്എൽസിക്കും പ്ലസ്ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഖിൽ പ്രതിസന്ധികളെ തരണംചെയ്താണ് പഠനത്തിലും മുന്നേറുന്നത്. 
രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർഥിയായ അഖിൽ കോളേജിൽനിന്ന് വീട്ടിലേക്കു പോകാൻ സ്വകാര്യ ബസിറങ്ങി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകവെയാണ് സംഭവം. സഹപാഠികളായ അമൽ, രോഹിത് എന്നിവരുമായി റോഡിലെ പാർക്കിങ് ഏരിയയിൽ സംസാരിച്ചുനിൽക്കവെ ജീപ്പിലെത്തിയ എസ്ഐ ശ്യാംകുമാർ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. 
ക്രൂരമായ മർദനമാണ് എസ്ഐ നടത്തിയത്. ഇതിന്റെ തെളിവാണ് സിസിടിവി ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയും. അഖിലിനെ പരസ്യമായി ജീപ്പിലേക്ക് വലിച്ചെറിയുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്. സ്റ്റേഷനിലും മർദനത്തിന് വിധേയമാക്കി. വിവരം അറിഞ്ഞ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തിയിരുന്നു. കൂടുതൽ വിദ്യാർഥികൾ എത്തിയതോടെ ബൈക്ക് പാർക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന‌് ആരോപിച്ച് 100 രൂപ  പിഴ ചുമത്തി വിദ്യാർഥിയെ വിട്ടയക്കുകയായിരുന്നു.

 

പ്രധാന വാർത്തകൾ
Top