10 December Monday

ശിവപ്രസാദ് കർഷകനാണ്; ശിൽപ്പിയുമാണ്

എ അഭിലാഷ്Updated: Friday Mar 9, 2018

എഴുകോൺ > തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായ്ക്ക് അരികിലെ ചെറിയവീടും കുളവും കോഴിക്കൂടും കാലിത്തൊഴുത്തും ചുറ്റുവട്ടത്തെ കൃഷിയിടവും കാണുമ്പോഴെ ഗൃഹനാഥൻ നല്ല കർഷകനാണെന്ന് ഉറപ്പിക്കാം. തകരഷീറ്റ്മേച്ച ചെറിയ വീട്ടിലെത്തിയാൽ തളവൂർകോണം ശിവനിവാസിൽ ശിവപ്രസാദ് (41)കർഷകൻ മത്രമല്ല, ശിൽപ്പിയുമാണെന്ന് തിരിച്ചറിയാം. മണലും നെൽമണികളും മരക്കഷണങ്ങളും ചിരട്ടയും തെർമോക്കോളുമല്ലാം ഇവിടെ ശിൽപ്പരൂപം കൈക്കൊള്ളും. ശിവപ്രസാദിന്റെ കരവിരുതിൽ തീർത്ത ശിൽപ്പങ്ങളാണ് വീടുനിറയെ. 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസിലെ ഡസ്ക്കിന്റെ ഒടിഞ്ഞ കാല് ചെത്തിമിനുക്കി രൂപപ്പെടുത്തിയ കത്തി കണ്ട അധ്യാപകരും സഹപാഠികളും ഉറപ്പിച്ചു, ശിവപ്രസാദിൽ ഒരു ശിൽപ്പിയുണ്ടെന്ന്. തുടർന്ന് ആക്സാ ബ്ലേഡും കുപ്പിച്ചില്ലും വെട്ടുകത്തിയും ചാർട്ട് പേപ്പറുമൊക്കെ ശിവപ്രസാദിന്റെ കരവിരുതിൽ ശിൽപ്പരൂപംനേടുന്നു.  മരക്കഷണങ്ങളിൽ തീർത്ത വാളും കത്തിയും മറ്റ് ആയുധങ്ങളും രാജ ഭരണകാലത്തെ അനുസ്മരിപ്പിക്കും. ചിരട്ടയിലും മുളയിലും നിരവധി ശിൽപ്പങ്ങളും കാതുക വസ്തുക്കളും നിർമിച്ചു. 4550 നെന്മണികൊണ്ട് 10 മണിക്കൂറിൽ തീർത്ത മയിൽ രൂപവും ചിരട്ടയിൽ തീർത്ത ട്രോഫിയും അലങ്കാര പുഷ്പങ്ങളും തെർമോകോളിലെ കൂറ്റൻ സൂര്യകാന്തിച്ചെടിയും ശിവപ്രസാദിലെ കലാകാരന്റെ വെളിപ്പെടുത്തലാണ്. അച്ഛൻ വാസുദേവൻപിള്ള തടിയിൽ മീൻരൂപങ്ങൾ കൊത്തുമായിരുന്നു. അച്ഛനിലെ ശിൽപ്പിയാണ് ശിവപ്രസാദിന് പ്രചോദനമായത്.

വീടിനു മുന്നിലെ പാടത്ത് ഞവരനെല്ല് വിളഞ്ഞു നിൽക്കുന്നത് കണ്ടാൽ തന്നെ ശിവപ്രസാദിലെ കർഷകന്റെ മികവറിയാം. നെല്ല് മാത്രമല്ല വാഴ, പയർ, ചീനി, ചീര, മുളക് തുടങ്ങി ശിവപ്രസാദിന്റെ കൃഷിയിടത്തിൽ വിളയാത്തവ അപൂർവം. കൂടാതെ പശുവും കോഴികളും കുടുംബത്തിലെ അംഗങ്ങളെ പോലെ വീട്ടുമുറ്റത്തും മുറിയിലുമുണ്ട്. കൃഷിക്ക് ഉപയോഗിക്കാൻ വീടിനോട് ചേർന്ന കുളത്തിൽ കടുത്ത വേനലിലും നിറയെ വെള്ളമുണ്ട്. 

അടച്ചുറപ്പുള്ള വീടില്ലാത്തതും കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ വേദികൾ കിട്ടാത്തത്തും ശിവപ്രസാദിന്റെ കൊച്ചു ദുഃഖങ്ങളാണ്. മുമ്പ് കോവളത്ത് ശിൽപ്പങ്ങൾ വിൽക്കുമായിരുന്നു. ഭാര്യ ശാന്തിനി ജീവിതത്തിലെന്ന പോലെ ശിൽപ്പ നിർമാണത്തിലും കൃഷിയിലും ശിവപ്രസാദിനൊപ്പമുണ്ട്. പരിമിതികൾക്ക് മുന്നിൽ പതറാതെ വയലോരത്തെ കുഞ്ഞുവീട്ടിൽ ശിവപ്രസാദെന്ന ബഹുമുഖ പ്രതിഭ തിരക്കിൽ മുഴുകുകയാണ്.

പ്രധാന വാർത്തകൾ
Top