Top
18
Monday, December 2017
About UsE-Paper

താരദമ്പതികളെത്തി, മനം നിറഞ്ഞ് മൊഞ്ചത്തികള്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
കൊല്ലം > നിനച്ചിരിക്കാതെ താരങ്ങള്‍ എത്തിയത് കലോത്സവ വേദിയില്‍ ആവേശം പകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പ്രധാന വേദിയായ ക്രിസ്തുരാജ് എച്ച്എസ്എസില്‍ നടനും എംഎല്‍എയുമായ  എം  മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും കാണികളുടെ നടുവിലേക്ക് എത്തിയത്. 
എച്ച്എസ്എസ് വിഭാഗം ഒപ്പനയുടെ അടുത്ത ഊഴത്തിനായി അക്ഷമരായി മണവാട്ടികളും തോഴിമാരും  കാത്തിരിക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും സന്ദര്‍ശനം. 'ബഡായി ബംഗ്ളാവിന്റെ ഉടമ' യെത്തിയെന്ന വിവരം  വേദിയാകെ പരന്നതോടെ   എല്ലാം മറന്ന് മൊഞ്ചുള്ള മണവാട്ടികളും കൂട്ടരും  ഓടിയെത്തി. 
മുകേഷിനും ഭാര്യയ്ക്കുമൊപ്പം സെല്‍ഫിയെടുക്കാനുള്ള തിക്കിത്തിരക്കായി പിന്നീട്. വേദിയിലെ മത്സരമെല്ലാം മറന്ന്  മൊഞ്ചത്തിമാര്‍ പ്രിയതാരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒത്തൊരുമിച്ചു. ഇത് കണ്ട് ഗ്രീന്‍ റൂമില്‍ ഉണ്ടായിരുന്ന കുട്ടികളും ആടയാഭരണങ്ങളണിഞ്ഞ് ഓടിയെത്തി.  രണ്ടാം വേദിയില്‍ നിന്ന് കുച്ചുപ്പുടി താരങ്ങളും ഒഴുകിയെത്തി. എത്തിയ എല്ലാ  ടീമുകള്‍ക്കൊപ്പവും കുച്ചുപ്പുടി കലകാരികള്‍ക്കൊപ്പവും സെല്‍ഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഷേക്ക്ഹാന്‍ഡ് നല്‍കിയും ഫലിതം പറഞ്ഞും  മുകേഷ് കുട്ടികളെ കൈയിലെടുത്തു.  നര്‍മം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ച്   മണവാട്ടികളെ   നാണത്തില്‍ മുക്കി.   
എംഎല്‍എയെ കണ്ടതോടെ ഭരതനാട്യം ഉള്‍പ്പെടെ ചില മത്സര ഇനങ്ങളിലെ വിധി സംബന്ധിച്ച തര്‍ക്കത്തെ ക്കുറിച്ചുള്ള പരാതിയുടെ കെട്ടഴിക്കാനും രക്ഷിതാക്കളും മത്സരാര്‍ഥികളും മറന്നില്ല. എല്ലാ പരാതികളും പരിശോധിച്ച് വേണ്ട   നടപടി സ്വീകരിക്കുമെന്ന ഉറപ്പും നല്‍കിയാണ് എംഎല്‍എ കല്‍ലോത്സവ വേദി വിട്ടത്.