26 September Wednesday

പ്രളയം: മത്സ്യകർഷക മേഖലയെ കരകയറ്റാൻ വേണ്ടത‌് 220 കോടി

സ്വന്തം ലേഖികUpdated: Friday Sep 7, 2018
കൊല്ലം
സംസ്ഥാനത്ത‌്  12,280 ഹെക്ടറിലായി  നടത്തിവന്ന വിവിധ ഇനം മത്സ്യക്കൃഷി കുത്തൊഴുക്കിൽ പാടേ തകർന്നതുവഴിയുണ്ടായ ആഘാതത്തിൽനിന്നു കരകയറാൻ 220 കോടി വേണ്ടിവരുമെന്ന‌്  ഫിഷറീസ‌്  വകുപ്പിന്റെ വിലയിരുത്തൽ.   ജനകീയ മത്സ്യക്കൃഷിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 12 ഘടക പദ്ധതികളിലായി കൃഷി ഇറക്കിയ  16,872 കർഷകരാണ‌് പ്രളയക്കെടുതിയിൽ  പെരുവഴിയിലായത‌്.  ഇവർ  2857ഹെക്ടർ കുളങ്ങളിലും  3645 ഹെക്ടർ പാടശേഖരത്തും  5778 ഹെക്ടർ റിസർവോയറിലും ഇറക്കിയ  കൃഷി പൂർണമായും തകർന്നടിഞ്ഞു. 
336 യൂണിറ്റിൽ ഇറക്കിയ കൂടുകൃഷി, 121 അലങ്കാര മത്സ്യക്കൃഷി, 26 മത്സ്യവിത്തുൽപ്പാദന കേന്ദ്രങ്ങൾ, 421 അക്വാ പോണിക‌്സ‌് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെ നാശോന്മുഖമായി.   സ്വകാര്യ കർഷക മേഖലയിൽ  138 കോടിയുടെ നഷ്ടമാണ‌് പ്രളയം വരുത്തിവച്ചത‌്. ജലാശയങ്ങളാൽ സമ്പന്നമായ കേരളത്തിൽ മത്സ്യക്കൃഷിയിൽ വിപ്ലവകരമായ നേട്ടങ്ങൾ കൈവരിക്കുകയായിരുന്നു എൽഡിഎഫ‌് സർക്കാരിൻ കീഴിൽ. മൂന്നു വർഷം കൊണ്ട‌് 25000 മെട്രിക‌് ടണ്ണിൽ നിന്ന‌് 80000 മെട്രിക‌് ടണ്ണായി സംസ്ഥാനത്തെ മത്സ്യോൽപ്പാദനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ മുന്നേറുമ്പോഴാണ‌് പ്രളയം തിരിച്ചടിയായത‌്.   ഒരു സെന്റിൽനിന്ന‌് ഒന്നര ടൺ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന റീ സർക്കുലേറ്ററി അക്വാ പോണിക‌്സ‌് യൂണിറ്റുകൾ കായലുകളിലും മറ്റും ഇറക്കിയുള്ള കൃഷിയിലേക്ക‌് നിരവധി പേരായിരുന്നു ആകൃഷ്ടരായത‌്. മാത്രമല്ല, ചെമ്മീൻ പാടങ്ങളെ   വൈറസ‌് മുക്തമാക്കാൻ  പിസിആർ ടെസ്റ്റ‌് നടത്തിയ വിത്തുകൾ ലഭ്യമാക്കി മികച്ച സാങ്കേതിക വിദ്യയിലൂടെ  ഇരട്ടി ഉൽപ്പാദനം കൈവരിക്കാൻ തുടങ്ങിയതോടെ  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച‌് 25ഇരട്ടി കർഷകരാണ‌് ഈ രംഗത്തേക്ക‌ു വന്നത‌്.  ഇൗ കർഷകരുടെ 587 ലക്ഷം മത്സ്യക്കുഞ്ഞുങ്ങൾ ചത്തും  ഒലിച്ചുംപോയി. 86.45 കോടി വിലയുള്ള   6127 മെട്രിക‌് ടൺ മത്സ്യം നഷ്ടമായി. 16246 മെട്രിക‌് ടൺ ഉൽപ്പാദനമായിരുന്നു ഇതിൽനിന്ന‌് പ്രതീക്ഷിച്ചിരുന്നത‌്.  അതുവഴി 256കോടി രൂപയുടെ വരുമാനം ലഭ്യമാകുമായിരുന്നെന്നും  ഫിഷറീസ‌് വകുപ്പിന്റെ  ജനകീയ മത്സ്യക്കൃഷി സ‌്പെഷ്യൽ സെൽ നടത്തിയ കണക്കെടുപ്പ‌് വ്യക്തമാക്കുന്നു. 
കൂടുകൃഷിയിലാണ‌് ഏറ്റവും കുടുതൽ നഷ്ടമുണ്ടയത‌്‌.  ഏറ്റവും കൂടുതൽ കൂടുകൃഷി ഇറക്കിയത‌്  പെരിയാറിലായിരുന്നു. കൂടുകൾ സഹിതം കടലിൽ പതിച്ചു.  കുട്ടനാടൻ പാടശേഖരങ്ങളിലെ ഒരുനെല്ലും ഒരു മീനും പദ്ധതിയും പൂർണമായി തകർന്നവയിൽ ഉൾപ്പെടുന്നു.  
കൂടുകൾ നശിച്ചും ഫാമുകളുടെ ബണ്ടുകൾ തകർന്നും മോട്ടോറുകൾ, എയിറേറ്റർ എന്നിവ ഒഴുകിപ്പോയും 52 കോടിയുടെ നഷ്ടമുണ്ടായി. സർക്കാർ മേഖലയിൽ പ്രവർത്തിച്ചുവന്ന ഹാച്ചറികളിൽ  19 കോടിയുടെ നഷ്ടമാണ‌് രേഖപ്പെടുത്തിയിട്ടുള്ളത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top