25 September Tuesday
ദുരിതാശ്വാസ നിധിയിലേക്ക്‌ എകെടിഎ 10 ലക്ഷം നൽകി

പ്രതിസന്ധികൾ നേരിടുന്നതിലും കേരളം മാതൃക: മന്ത്രി രാമകൃഷ്ണൻ

സ്വന്തം ലേഖികUpdated: Friday Sep 7, 2018

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്‌ എകെടിഎ സമാഹരിച്ച പത്തു ലക്ഷം രൂപയുടെ ചെക്ക്‌ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു, പ്രസിഡന്റ്‌ കെ മനുക്കുട്ടൻ എന്നിവർ മന്ത്രി ടി പി രാമകൃഷ്‌ണന്‌ കൈമാറുന്നു

കൊല്ലം 
 പ്രതിസന്ധികൾ നേരിടുന്നതിലും കേരളം ലോകത്തിന് മാതൃക സൃഷ്ടിക്കുകയാണെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൾ കേരള ടെയ‌്‌ലേഴ‌്സ‌് അസോസിയേഷൻ(എകെടിഎ)  നൽകിയ പത്തു ലക്ഷം രൂപ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
ഉടുവസ‌്ത്രമൊഴികെ സർവവും നഷ്ടപ്പെട്ട സഹോദരങ്ങളെ രക്ഷിക്കാൻ കുത്തൊഴുക്കിലേക്ക‌ു ചാടി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നടത്തിയ ധീരോദാത്തമായ രക്ഷാപ്രവർത്തനത്തിലൂടെ  കേരളം മഹത്തായ പാരമ്പര്യമാണ‌് ഉയർത്തിപ്പിടിച്ചത‌്. ത്യാഗത്തിന്റെയും സഹാനുഭൂതിയുടെയും ആത്മസമർപ്പണത്തിന്റെയും  ഐക്യദാർഢ്യത്തിന്റെയും ഉന്നത മാതൃകയാണ‌്  ദുരന്തമുഖത്ത‌് കാഴ‌്ചവച്ചത‌്. ഇത‌് കേരളത്തിന്റെ കരുത്താണ‌്. 
കേരളത്തിന്റെ വികസന പ്രക്രിയയെ ആകെ തകിടം മറിച്ച പ്രളയത്തിൽനിന്നു നാടിനെ രക്ഷിക്കാൻ മലയാളികൾ ഒത്തുചേർന്നാൽ  മതിയാകും. തകർന്നത‌് അതേപടി പുനഃസൃഷ്ടിക്കുകയല്ല മറിച്ച‌് നവകേരളം സൃഷ്ടിക്കുകയാണ‌്  വേണ്ടത‌്. ലോകമാകമാനമുള്ള മലയാളികളുടെ സഹായത്താൽ നവകേരളം സൃഷ്ടിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 
ചിന്നക്കട ഹെഡ് പോസ്റ്റ‌്ഓഫീസിനു സമീപം നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ മാനുക്കുട്ടൻ അധ്യക്ഷനായി.
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രളയബാധിതർക്ക് 3000 പുതപ്പ‌്, 3000 ഷർട്ട്, അടിവസ്ത്രങ്ങൾ എന്നിവയാണ് നൽകുന്നത്.
 സംസ്ഥാന‐ജില്ലാ‐ഏരിയാ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് സംഘടനയും ട്രസ്റ്റും നൽകുന്ന ഒരുമാസത്തെ അലവൻസും 3.5 ലക്ഷം അംഗങ്ങൾ ഒരു വസ്ത്രം തുന്നുന്നതിന് ലഭിക്കുന്ന കൂലിയും ചേർത്താണ് ആദ്യഗഡുവായ 10 ലക്ഷം രൂപ കണ്ടെത്തിയത്. 
 വസ്ത്രങ്ങളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്ലാഗ് ഓഫ് എൻ കെ പ്രേമചന്ദ്രൻ എംപി നിർവഹിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത് മനോഹരൻ,  ജനറൽ സെക്രട്ടറി എൻ സി  ബാബു,  ട്രഷറർ ജി കാർത്തികേയൻ, സംസ്ഥാന സെക്രട്ടറിമാരായ എം കെ പ്രകാശൻ, ജി സജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എസ‌്  സതികുമാർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top