Top
18
Monday, December 2017
About UsE-Paper

കൊടിമരം ദേശം നല്‍കും നാടിന് നക്ഷത്രം

Tuesday Dec 5, 2017
ബി ആര്‍ ശ്രീകുമാര്‍
കൊല്ലം > ഡിസംബറിന്റെ രാവുകളില്‍ വര്‍ണങ്ങളുടെ നക്ഷത്രത്തിളക്കം ലോകത്തിന് നല്‍കുന്നത് കൊല്ലത്തെ കൊടിമരമെന്ന ദേശക്കാരാണ്. ലോകത്ത് എവിടെയും നക്ഷത്രത്തിളക്കത്തിനായി രാപ്പകല്‍ കഷ്ടപ്പെടുകയാണ് ഇവിടുത്തെ വീട്ടമ്മമാരും കുടുംബാംഗങ്ങളും. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി എല്ലാവരും നക്ഷത്രം അലങ്കാരമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പിറവി പലര്‍ക്കും അജ്ഞാതമാണ്.
കൊല്ലം, പള്ളിത്തോട്ടം കൊടിമരം പ്രദേശത്തുള്ള നൂറോളം കുടുംബങ്ങളാണ് ജനുവരി ഏഴ് മുതല്‍ ഡിസംബര്‍ 22 വരെയുള്ള ദിവസങ്ങളില്‍ നക്ഷത്രം നിര്‍മിക്കുന്നത്. കേരളത്തിലെ പ്രമുഖ പ്രസ്സുകള്‍ക്കും മറ്റു വിതരണക്കാര്‍ക്കുമാണ് നക്ഷത്രങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ മറ്റു ജോലികള്‍ക്കു ശേഷമുള്ള ഇടവേളകളിലാണ്നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നത്. ചെറു നക്ഷത്രങ്ങളില്‍ തുടങ്ങുന്ന നിര്‍മാണം ആഗസ്ത് കഴിയുന്നതോടെ വലിയ നക്ഷത്രങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കും. നവംബറില്‍ ഇവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഓര്‍ഡര്‍ പൂര്‍ത്തിയാകുന്നതിനായി പകലന്തിയോളം പണി ചെയ്യും. ഓരോ രാത്രികളിലും വിരിയുന്നത് ആയിരക്കണക്കിന് നക്ഷത്രങ്ങളാണ്. ഡിസംബറില്‍ വലിയ ഏഴ് ഇതളുകളുള്ള നക്ഷത്രങ്ങളാണ് നിര്‍മിക്കുന്നത്. ഇതിന് ഇരട്ടി തുകയാണ് ഈടാക്കുന്നത്.
ആഘോഷങ്ങളിലെ നക്ഷത്രത്തിളക്കം അലങ്കാരമാണെങ്കിലും ഇവര്‍ക്ക് ഇത് ജീവിതമാര്‍ഗമാണ്. സ്ത്രീകളും വീട്ടുമ്മമാരുമാണ് ഇതിന്റെ നിര്‍മാണ ചുമതല ഏറ്റെടുക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ചുള്ള നിര്‍മാണ സാധനങ്ങള്‍ പ്രസ്സുകളും കരാറുകാരും മുന്‍കൂട്ടി എത്തിക്കും. നവംബര്‍ ആദ്യവാരം മുതല്‍ ലോഡ്കയറ്റും. കൊടിമര പ്രദേശത്തെ നക്ഷത്രങ്ങള്‍ വെളിച്ചംകാണുന്നത് വിദേശത്താണ്. അമേരിക്കയിലും മറ്റ് രാഷ്ട്രങ്ങളിലും എത്തിക്കുന്നവയാണ് ഏറെയും. നവംബര്‍ ആദ്യവാരം പുറപ്പെടുന്നത് പിന്നീടുള്ള നക്ഷത്രങ്ങള്‍ ഇന്ത്യയില്‍ പ്രകാശം തെളിക്കും.
ഓരോ കുടുംബങ്ങളും വര്‍ഷത്തില്‍ 85000 രൂപ മുതല്‍ കൂലി വാങ്ങും. ഈ തുകകള്‍ കരാറുകാര്‍ ഡിസംബറില്‍ നല്‍കും. പിന്നീട് ചെറിയ തുക അഡ്വാന്‍സ് നല്‍കി കരാര്‍ ഉറപ്പിക്കും. ഇതാണ് രീതി.
യന്ത്രവല്‍കൃത നിര്‍മാണം എല്ലാ മേഖലകളും കൈയേറിയെങ്കിലും നക്ഷത്രനിര്‍മാണം കൈത്തൊഴിലായി ഇന്നും തുടരുന്നു. ക്രിസ്മസ് രാവുകള്‍ ആഘോഷങ്ങളാകുമ്പോള്‍ ഞങ്ങളുടെ കുടുംബഭദ്രത ഈ ചെറുവെളിച്ചമാണെന്ന് നിര്‍മാണ ചുമതലയുള്ള അമല ജോയി വിശദീകരിക്കുന്നു.
നക്ഷത്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 
വീട്ടമ്മ