19 July Thursday

സാമൂഹ്യ വിരുദ്ധസംഘം സ്കൂള്‍ അടിച്ചു തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

 

ചവറ > സാമൂഹ്യവിരുദ്ധ സംഘം സ്കൂള്‍ അടിച്ചു തകര്‍ത്തു. പുസ്തകങ്ങളും, ചെടിച്ചട്ടികളും, ക്ളാസ്മുറികളും നശിപ്പിച്ചു. ചവറ മുകുന്ദപുരം ഗവ. എംഎല്‍പി സ്കൂളിലാണ് ആക്രമണമുണ്ടായത്. അടച്ചിട്ടക്ളാസ് മുറികളുടെ പൂട്ട് തകര്‍ത്താണ് അക്രമിസംഘം അകത്ത് കയറിയാണ്. തിങ്കളാഴ്ച സ്കൂള്‍ തുറന്നപ്പോഴാണ് ആക്രമണവിവരം സ്കൂള്‍ അധികൃതര്‍ അറിയുന്നത്. മുകള്‍ നിലയിലും താഴെയുമുള്ള അഞ്ച് ക്ളാസ് മുറികളാണ് അക്രമികള്‍ തകര്‍ത്തത്. ക്ളാസ് മുറികളിലെ ട്യൂബ് ലൈറ്റുകളും നശിപ്പിച്ചു. 
കുട്ടികള്‍ സ്കൂളിലെത്തിയപ്പോള്‍ ക്ളാസ് മുറികളിലാകെ പുസ്തകങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പുസ്തകങ്ങള്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച കുഴികളില്‍  വലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. സ്കൂളിന് പിന്നില്‍ നിരത്തിയിരുന്ന ചെടിച്ചട്ടികളും നശിപ്പിച്ചു. 
ചവറ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളാണ് മുകുന്ദപുരം എംഎല്‍പിഎസ്. സബ് ജില്ലാ കലോത്സവ വിജയികള്‍ക്ക് അനുമോദന ചടങ്ങ് നടത്താനിരുന്ന ദിവസമാണ് അക്രമവിവരം അധികൃതര്‍ അറിയുന്നത്.  ചവറ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ്സംഘം സ്കൂളിലെത്തി പരിശോധന നടത്തി. അക്രമത്തില്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ശക്തമായ പ്രതിഷേധിച്ചു. എന്‍ വിജയന്‍പിള്ള എംഎല്‍എ,  ബ്ളോക്ക് പ്രസിഡന്റ് തങ്കമണിപ്പിള്ള, സിപിഐ എം ഏരിയ സെക്രട്ടറി ടി മനോഹരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ വിക്രമക്കുറുപ്പ്, ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ഹുസൈന്‍,  സി ആര്‍ പി രാജന്‍പിള്ള, റിയാദ്, കെഎസ്ടിഎ ഭാരവാഹികളും അക്രമവിവരമറിഞ്ഞ് സ്കൂളിലെത്തി.
 
പ്രധാന വാർത്തകൾ
Top