22 July Sunday
185 ജലസ്രോതസുകളില്‍ സര്‍വെ

ജില്ലയിലെ ജലസ്രോതസുകളില്‍ മാലിന്യമേറുന്നു

സ്വന്തം ലേഖികUpdated: Tuesday Dec 5, 2017
കൊല്ലം >  പരിസ്ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി  ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ 185 ജലസ്രോതസുകളില്‍ സര്‍വെ നടത്തി.   124 പൊതുകുളങ്ങള്‍, 40 പൊതുകിണര്‍, 17 തോട്, രണ്ട് കായല്‍, എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പരിസ്ഥിതി രംഗത്ത് പുതിയ ദിശാബോധം നല്‍കുന്ന സര്‍വെ.  ജലസ്രോതസുകള്‍ മലിനീകരിക്കപ്പെടുന്നതായി സര്‍വെ വ്യക്തമാക്കുന്നു. സര്‍വെയില്‍  പങ്കാളികളായ 61 ശതമാനം പേരും ഈ അഭിപ്രായമാണ് പങ്കുവച്ചത്. 
185 തുടര്‍ വികസന വിദ്യാകേന്ദ്രം സ്ഥിതിചെയ്യുന്ന  വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വെയില്‍ ജൈവസമ്പത്തിലും കോട്ടം തട്ടുന്നതായും ചൂണ്ടിക്കാട്ടുന്നു. 
കുടിവെള്ളക്ഷാമവും, ജലജന്യ രോഗവുമാണ് ഈ പ്രദേശത്തുള്ളവര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് സര്‍വെയില്‍ കണ്ടെത്തി. 45 ശതമാനം പേര്‍ കുടിവെള്ളക്ഷാമം ചൂണ്ടിക്കാട്ടിയപ്പോള്‍ 35 ശതമാനം ആളുകള്‍ ജലജന്യ രോഗങ്ങളാണ് പ്രധാന പ്രശ്നമെന്ന് അഭിപ്രായപ്പെട്ടു. ജില്ലയിലെ കിണറുകളില്‍ വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാണെന്ന് 78 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. 
ജലസ്രോതസുകള്‍ പുനരുദ്ധരിക്കുന്നതിനും ജൈവസമ്പത്തിന്റെ സംരക്ഷണത്തിനും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെന്ന് 48 ശതമാനം പേര്‍ ചൂണ്ടിക്കാട്ടി. ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കാനും  ചുറ്റുമതില്‍ നിര്‍മിച്ച് ഇവ സംരക്ഷിക്കാനും കൃഷി വര്‍ധിപ്പിക്കാനും ഉപയോഗശൂന്യമായി കിടക്കുന്ന സ്രോതസ് ഉപയോഗയോഗ്യമാക്കാനും നടപടി സ്വീകരിക്കണമെന്നും  സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യം ഉന്നയിച്ചു. 
6065 വീടുകളാണ് സര്‍വെ പരിധിയില്‍  ഉണ്ടായിരുന്നത്. 14781 പേര്‍ സര്‍വെയില്‍ പങ്കാളികളായി. ഇതില്‍ കുൂടുതലും സ്ത്രീകളായിരുന്നു. 9085പേര്‍. സാക്ഷരതാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വാര്‍ഡ് സമിതികള്‍ എന്നിവരുടെ  നേതൃത്വത്തിലായിരുന്നു സര്‍വെ.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top