13 November Tuesday

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ വർഷം 330 കോടി നൽകും: മന്ത്രി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
കൊല്ലം
പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി സർക്കാർ ഈ വർഷം 330 കോടി നീക്കിവച്ചതായി വ്യവസായ മന്ത്രി  എ സി മൊയ്തീൻ പറഞ്ഞു. പൊതുമേഖലയെ കേന്ദ്രം കൈയൊഴിയുന്ന സാഹചര്യത്തിൽ ബദൽ നയം സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ. 
കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ (മീറ്റർ കമ്പനി) എൽഇഡി തെരുവുവിളക്ക് നിർമാണ യൂണിറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
പൊതുമേഖലാ സ്ഥാപനങ്ങളുടെ കുറവുകൾ കണ്ടെത്തി പരിഹരിക്കാനാവശ്യമായ പിന്തുണ നൽകുകയാണ് സർക്കാർ നയം. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 14 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. 100 കോടിയാണ് സർക്കാർ നൽകിയത്. നഷ്ടത്തിലായിരുന്ന കൊല്ലത്തെ മീറ്റർ കമ്പനിക്ക് 10 കോടി നൽകി. കേരള ഡ്രഗ്സ് ആൻഡ‌് ഫാർമസ്യൂട്ടിക്കൽസിനെ ആരോഗ്യരംഗത്തെ മികച്ച സ്ഥാപനമാക്കും. കമ്പനിക്ക് 60 കോടിയുടെ ഓർഡർ ലഭ്യമാക്കി. 100 കോടിയുടെ മരുന്ന് ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള നടപടികൾ പൊതുമേഖലയോടുള്ള സർക്കാർ പ്രതിബന്ധതയ്ക്കു തെളിവാണ്. പ്രതിസന്ധിയിലായ ടെക്സ്റ്റൈൽസ് വ്യവസായത്തെ സംരക്ഷിക്കാൻ പദ്ധതി തയ്യാറായിവരുന്നു. 
കോർപറേറ്റ് താൽപ്പര്യങ്ങൾക്കു വിധേയമായി പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കേന്ദ്ര സർക്കാർ വിൽക്കുന്നു. സ്വകാര്യ മേഖലയ്ക്ക് വിൽക്കാൻ തീരുമാനിച്ച പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് 53 കോടിക്ക് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. നഷ്ടത്തിന്റെ പേരിൽ വിൽപ്പനയ്ക്ക് തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാപനത്തിന്റെ സ്ഥലം വിൽക്കാനാണ് കേന്ദ്ര തീരുമാനം. ഇതിനെതിരെ നിയമനടപടിയിലേക്ക് സംസ്ഥാന സർക്കാർ പോകും. 
സർക്കാർ സഹായം ഫലപ്രദമായി വിനിയോഗിക്കുന്നതിനൊപ്പം പുതിയ കാലത്തിനനുസൃതമായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെ വിപണി പിടിച്ചടക്കാൻ മാനേജ്മെന്റുകൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. 
മീറ്റർ കമ്പനിയിൽ നവീകരിച്ച വാട്ടർ മീറ്റർ പ്ലാന്റ‌് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും റിസർച്ച് ആൻഡ‌് ഡെവലപ്മെന്റ് യൂണിറ്റ് മന്ത്രി കെ രാജുവും ഉദ്ഘാടനംചെയ്തു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
Top