26 September Wednesday

ജാഗ്രതവേണം; പ്രതിരോധ മരുന്ന് ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കൊല്ലം
എലിപ്പനി ഉൾപ്പെടെ പകർച്ച വ്യാധികളെ നേരിടാൻ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ സന്ധ്യ അറിയിച്ചു. പ്രതിരോധ മരുന്ന് കഴിക്കുകയാണ് പ്രധാനം. രോഗലക്ഷണം കണ്ടാൽ വിദഗ്ധ ചികിത്സ തേടുകയും വേണം. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാക്കിയിട്ടുണ്ട്. എലിപ്പനിക്കൊപ്പം മറ്റു ജലജന്യരോഗങ്ങൾ, കൊതുകുജന്യരോഗങ്ങൾ എന്നിവക്കെതിരെയും ജാഗ്രത വേണം. മലിനജലത്തിൽ എലി, ആടുമാടുകൾ, നായ്, പൂച്ച തുടങ്ങിയവയുടെ വിസർജ്യം കലർന്നാണ് രോഗാണു വ്യാപിക്കുന്നത്. 
വെള്ളക്കെട്ടുള്ള ഇടങ്ങളിലുള്ളവർ പനി, തലവേദന, ശരീരവേദന, തലവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം. തുടക്കത്തിൽ ചികിത്സ തേടിയില്ലെങ്കിൽ എലിപ്പനി മരണകാരണമായേക്കാം. പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ എല്ലാ ആശുപത്രികളിലും ലഭ്യമാണ്.  കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ എലിപ്പനി വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലുള്ളവർക്ക് പ്രതിരോധ ഗുളിക ആഴ്ചയിൽ രണ്ട് എന്ന തോതിൽ വിതരണം ചെയ്യുന്നുണ്ട്. എലിപ്പനി സാധ്യതാ മേഖലകളിൽ ജോലിചെയ്യുന്ന മൃഗഡോക്ടർമാർ, ക്ഷീരകർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർക്കും പ്രതിരോധ മരുന്ന് നൽകി വരുന്നു. വെള്ളക്കെട്ടുള്ള ഇടങ്ങളിൽ തുടരുന്നവർ ആഴ്ചയിൽ ഒന്നുവീതം ഡോക്‌സിസൈക്ലിൻ 200 മില്ലിഗ്രാം, എട്ടു മുതൽ 12 വരെ പ്രായമുള്ളവർ ഡോക്‌സിസൈക്ലിൻ 100 മില്ലിഗ്രാം ആഴ്ചയിൽ ഒന്നു വീതം, രണ്ടിനും എട്ടിനും മധ്യേയുള്ള കുട്ടികൾ ശരീരഭാരത്തിന് ആനുപാതികമായി ഡോക്‌സിസൈക്ലിൻ നാലു മില്ലിഗ്രാം എന്നിങ്ങനെ കഴിക്കണം. ആറാഴ്ചയ്ക്ക് ശേഷം രണ്ടാഴ്ച ഇടവേളയിൽ ഗുളിക തുടരണം. രോഗബാധ സ്ഥിരീകരിച്ചാൽ പ്രാരംഭഘട്ടത്തിൽ ഡോക്‌സിസൈക്ലിൻ അല്ലെങ്കിൽ അമോക്‌സിലിൻ ആണ് കഴിക്കേണ്ടത്. കിടത്തി ചികിത്സാഘട്ടത്തിൽ പെൻസിലിൻ അല്ലെങ്കിൽ സെഫ്ട്രിയസോൺ കുത്തിവയ്‌പ്പെടുക്കണം. 
ശരീരവേദനയോടു കൂടിയ ഏതുതരം പനിക്കും ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രക്ഷാശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തി പരിശോധനയക്ക് വിധേയമാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 
പ്രധാന വാർത്തകൾ
Top