14 November Wednesday
കെ സോമപ്രസാദ് എംപി ഇടപെട്ടു

സൗദി ലേബർ ക്യാമ്പിൽ അകപ്പെട്ട യുവാക്കളെ നാട്ടിലെത്തിച്ചു

സ്വന്തം ലേഖകൻUpdated: Saturday Aug 4, 2018
കൊല്ലം
ജോലി നഷ്ടപ്പെട്ട് ആഹാരമില്ലാതെയും സൗദി അറേബ്യയിലെ ലേബർ ക്യാമ്പിൽ കുടുങ്ങിയ മലയാളി യുവാക്കളെ കെ സോമപ്രസാദ് എംപിയുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ക്ലാപ്പന സ്വദേശി ജയകുമാർ, വൈക്കം സ്വദേശി രാജീവ് രമേശൻ എന്നിവരാണ് കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിയത്. 
2013സെപ്തംബറിൽ ആണ് ഇവർ ഫെയ്ദ് ഷമ്മൻ അൽമിലാഹിയുടെ സ്പോൺസർഷിപ്പിൽ സൗദിയിൽ ജോലിക്ക് എത്തിയത്. ദമാം ഹൈവേയ്ക്ക് സമീപം അബ്ഹോദസ്യായിൽ നിന്നും 20 കിലോ മീറ്റർ ഉള്ളിൽ മരുഭൂമിയിൽ ഒരു മെറ്റൽ ക്രഷറിലായിരുന്നു ജോലി. എന്നാൽ സൗദിവൽക്കരണത്തിന്റെ ഭാഗമായി ഇവിടത്തെ റവന്യൂ വകുപ്പ് ജയകുമാറും മറ്റും ജോലി ചെയ്തിരുന്ന മെറ്റൽക്രഷൻ പ്ലാന്റും താമസസ്ഥലവും പൊളിച്ചുമാറ്റി. ഈ സമയം നാലുമാസത്തെ ശമ്പളവും ഫുഡ് അലവൻസും കിട്ടാൻ ഉണ്ടായിരുന്നുവെന്ന് ജയകുമാർ പറഞ്ഞു. ശമ്പളം കിട്ടാൻ സ്പോൺസറുമായി ബന്ധപ്പെട്ടിരുന്നുങ്കിലും ലഭിച്ചില്ല. നൽകാൻ നിർവാഹമില്ലായെന്നാണ് സ്പോൺസർ അറിയിച്ചത്. തുടർന്ന് ലേബർ കോടതിയിൽ കേസ് നൽകുകയും നാലുമാസത്തെ ശമ്പളം ലഭിക്കുകയും ചെയ്തു. പത്ത് ദിവസത്തിനകം എല്ലാവരെയും നാട്ടിലെത്തിക്കാമെന്നും സ്പോൺസർ ഉറപ്പുനൽകി.  മൂന്ന്മാസം കഴിഞ്ഞും നടപടിയുണ്ടായില്ല. കമ്പിനിയുടെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടായില്ല. ഇതോടെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ എട്ട് മാസത്തിലേറെ ദുരിതമനുഭവിച്ചു. സുഹൃത്തുക്കൾ നൽകിയ ഭക്ഷണമായിരുന്നു ലേബർ ക്യാമ്പിൽ കുടുങ്ങിയവർക്ക് ഏക ആശ്വാസം.  
ജയകുമാറിന്റെ ബന്ധുക്കൾ കെ സോമപ്രസാദ് എംപിയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ ജയകുമാറും കൂട്ടരും പരാതിപ്പെട്ടിരുന്നു. എന്നാൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. എംപിയുടെ നിവേദനത്തെ തുടർന്ന് ജൂൺ 24ന് ഇന്ത്യൻ എംബസിയിൽ നിന്നും ഒരുസംഘം ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവിടത്തെ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഇതോടെ ക്യാമ്പിൽ അകപ്പെട്ടുപോയ ജയകുമാറിനെ ഉൾപ്പെടെ നാട്ടിൽ എത്തിക്കുന്നതിന് വഴിതെളിയുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top