15 November Thursday
ഭക്ഷ്യവിഷബാധ

നോർത്ത‌് മലബാർ സൊസൈറ്റിക്ക‌് ബന്ധമില്ല

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
കൊല്ലം
പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള ശാസ‌്താംകോട്ട പോരുവഴി പെൺകുട്ടികളുടെ ഹോസ‌്റ്റലിൽ ഭക്ഷ്യവിഷബാധയേൽക്കാനിടയായ സംഭവത്തിൽ നോർത്ത‌് മലബാർ ഡിസ‌്ട്രിക്ട‌് കോ‐ഓപ്പറേറ്റീവ‌് സപ്ലൈ ആൻഡ‌് മാർക്കറ്റിങ‌് സൊസൈറ്റിയുമായി ബന്ധപ്പെട്ട‌് വന്ന വാർത്തകൾ അടിസ്ഥാനരഹിതവും വസ‌്തുതാവിരുദ്ധവുമാണെന്ന‌് ജനറൽ മാനേജർ എം കെ വിപിന അറിയിച്ചു.
ഭക്ഷ്യവിഷബാധയേൽക്കാനിടയായതായി പറയുന്ന സാധനങ്ങൾ സൊസൈറ്റി വിതരണം ചെയ‌്ത വസ‌്തുക്കളിൽ നിന്നല്ല എന്ന‌് അന്വേഷണത്തിൽ വ്യക്തമായി. ഇവ ഡയറക്ടറുടെ നിർദേശപ്രകാരം സൊസൈറ്റി വിതരണം ചെയ‌്തു എന്നതും അടിസ്ഥാന രഹിതമാണ‌്.
പട്ടികജാതി വികസന വകുപ്പ‌് നടപ്പിലാക്കിയ കേന്ദ്രീയ പർച്ചേസ‌് സംവിധാനം വഴിയാണ‌് ഹോസ‌്റ്റലിൽ ഭക്ഷ്യസാധന വിതരണാവകാശം സൊസൈറ്റിക്ക‌് ലഭിച്ചത‌്. സംസ്ഥാനത്ത‌് വിവിധ സ്ഥലങ്ങളിലെ ഹോസ‌്റ്റലുകളിലേ ക്ക‌് ഭക്ഷ്യവസ‌്തുക്കൾ വിതരണം ചെയ‌്തു വന്നിരുന്നത‌് സ്വകാര്യ കച്ചവടക്കാരും വ്യക്തികളും ആയിരുന്നു. കേന്ദ്രീകൃത പർച്ചേസ‌് സംവിധാനം ആരംഭിക്കാനുള്ള വകുപ്പിന്റെ തീരുമാനത്തിലും സഹകരണ സ്ഥാപനത്തിന‌് വിതരണാവകാശം ലഭിച്ചതിലും നീരസമുള്ള ചിലരാണ‌് വാർത്തയ‌്ക്ക‌് പിന്നിൽ. സ്വാർഥതാൽപ്പര്യക്കാരായ ചില വ്യക്തികളുടെയും സ്വകാര്യ കച്ചവടക്കാരുടെയും നീക്കവും പ്രചാരണത്തിന‌് പിന്നിലുണ്ട‌്.
കേന്ദ്രീകൃത വാങ്ങൽ പദ്ധതിയനുസരിച്ച‌് ഭക്ഷ്യവസ‌്തുക്കൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിരക്ക‌് രേഖപ്പെടുത്തിയ ക്വട്ടേഷൻ ക്ഷണിച്ചുകൊണ്ടുള്ള പത്രപരസ്യ പ്രകാരമാണ‌് സൊസൈറ്റിയും ക്വട്ടേഷൻ നൽകിയത‌്. കുറഞ്ഞ നിരക്ക‌് രേഖപ്പെടുത്തിയത‌് സൊസൈറ്റിയും സിവിൽ സപ്ലൈസ‌്ക കോർപറേഷനുമായിരുന്നു. ഇത‌് സംബന്ധിച്ച‌് ഡയറക്ടർ മുമ്പാകെ നടത്തിയ നെഗൊസിയേഷനിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പട്ടിക
യിൽ പറഞ്ഞ സാധനങ്ങൾ വിതരണം ചെയ്യാൻ തയ്യാറുണ്ടോ എന്ന‌് അറിയിക്കാൻ തീരുമാനമാവുകയും ഒരു മാസത്തെ സാവകാശം നൽകുകയും ചെയ‌്തു.  കരാർ വ്യവസ്ഥകൾ അംഗീകരിച്ച‌് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ആറ‌് മാസത്തിലധികമായി വിതരണം ചെയ‌്തു വരികയാണ‌്.
വിദ്യാർഥിനികൾക്ക‌് ഭക്ഷ്യവിഷബാധയേൽക്കാനിടയായ സംഭവം തികച്ചും ദൗർഭാഗ്യകരമാണ‌്. ഇതുസംബന്ധിച്ച‌് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന‌് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top