15 November Thursday

തെന്മലയിലെ വെന്നിക്കൊടി

എം അനില്‍Updated: Tuesday Jan 2, 2018
കൊല്ലം > തെന്മലയില്‍ കുടിയൊഴിപ്പിക്കലിനെതിരെ 1982 ല്‍ നടന്ന സമരത്തിന് ജീവിതഗന്ധം ഉണ്ടായിരുന്നു. മനുഷ്യജീവന് വിലകല്‍പ്പിക്കാതെ പെരുവഴിയിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെ ചെറുത്തുനില്‍പ്പായിരുന്നു അത്. പാവങ്ങളായ 54 കുടുംബങ്ങള്‍ക്ക് തണലൊരുക്കിയും കാരിരുമ്പിന്റെ കരുത്തോടെ  ചെറുത്തുനിന്നതും കമ്യുണിസ്റ്റ് പോരാട്ടവഴികളിലെ ഉജ്വല ഏട്. സിപിഐ എം ഏറ്റെടുത്ത ധര്‍മ സമരത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാകെയും പൊതുസമൂഹം ഒന്നാകെയും പിന്തുണച്ചത് വന്‍ വിജയമായി. ഒടുവില്‍ സമരം വിജയിച്ചതോടെ മലനാടിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച്  ചെങ്കൊടി പ്രസ്ഥാനം തേരോട്ടം തുടങ്ങി. അതിന്നും തുടരുന്നു. തെന്മല ഡാം പുറമ്പോക്കില്‍ താമസിച്ചുവന്നവരെ കോണ്‍ഗ്രസ് ഭരണകാലത്ത്  പൊലീസും ഗുണ്ടകളും ചേര്‍ന്ന്  ബലമായി കുടിയൊഴിപ്പിക്കുകയായിരുന്നു. 
കെ കരുണാകരന്‍ മന്ത്രിസഭയില്‍ ജലസേചന മന്ത്രി ആയിരുന്ന എം പി ഗംഗാധരന്റെ അധികാര ഗര്‍വാണ് തെന്മല കണ്ടത്. ഡാമിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അണിനിരന്നത് ഗംഗാധരനെ ചൊടിപ്പിച്ചു. സിഐടിയുവിന്റെ സാന്നിധ്യം ഡാം നിര്‍മാണ കരാറുകാര്‍ക്കും ദഹിച്ചില്ല. ഇതോടെ ഐഎന്‍ടിയുസി യൂണിയനുമായി കരാറുകാരായ ചാക്കോപിള്ളയും പൈലിപ്പിള്ളയും രംഗത്തെത്തി. മന്ത്രി എം പി ഗംഗാധരന്‍ യൂണിയന്‍ ഉദ്ഘാടനത്തിന് എത്തി. എന്നാല്‍ തൊഴിലാളികള്‍ തിരിഞ്ഞുനോക്കിയില്ല. കേള്‍വിക്കാരായി ഉണ്ടായിരുന്നത് കോണ്‍ട്രാക്ടര്‍മാരും ശിങ്കിടികളും കോണ്‍ഗ്രസുകാരും കൂടാതെ പൊലീസും മാത്രം. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഡാമില്‍ താമസിക്കുന്ന 54 കുടുംബങ്ങളെയും കുടിയിറക്കാന്‍ മന്ത്രി ഉത്തരവിട്ടു. ഇതിനെതിരെ വലിയ ബഹുജന രോഷമാണ് ഉയര്‍ന്നുവന്നതെന്ന് അന്ന് സമരത്തിന് നേതൃത്വം നല്‍കിയ സിപിഐ എം പത്തനാപുരം താലൂക്ക് സെക്രട്ടറിയായിരുന്ന കെ രാജഗോപാല്‍ പറഞ്ഞു.
ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭിമാന പോരാട്ടമായി മാറി. സംസ്ഥാന നേതാക്കളാകെ അണിനിരന്ന തെന്മല ഡാം സമരം. തെരുവിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെ ദീനരോധനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്‍ ശ്രീധരന്‍, ജില്ലാ സെക്രട്ടറി പി കെ ഗുരുദാസന്‍, എം കെ ഭാസ്കരന്‍, പി രാമകൃഷ്ണന്‍ ഉള്‍പ്പെടെ നേതാക്കളില്‍ രോഷാഗ്നി പടര്‍ത്തി. നാന്നൂറോളം കുടുംബാംഗങ്ങളെ ദാരുണമായ ജീവിതാവസ്ഥയിലേക്ക് തള്ളയിട്ടവര്‍ക്കെതിരെ ഉയര്‍ന്നത് പ്രതിഷേധ കൊടുങ്കാറ്റായിരുന്നു. നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കലിനെതിരെ സിപിഐ എം തുടങ്ങിയ സമരം നാടൊന്നാകെ ഏറ്റെടുത്തു. കര്‍ഷകസംഘം നേതാവ് ടി കെ രാമകൃഷ്ണനാണ് സമരം ഉദ്ഘാടനം ചെയ്തത്.
 പത്തനാപുരം താലൂക്കിലെ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്നവരും പത്തനംതിട്ട റിസര്‍വ് വന പ്രദേശത്തെ കൈവശ കൃഷിക്കാരും കുടിയൊഴിപ്പിക്കല്‍ ഭീഷണിയുടെ വക്കിലായിരുന്നു. അതുകൊണ്ടുതന്നെ തെന്മല ഡാം സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ രാജഗോപാല്‍, തെന്മല പഞ്ചായത്ത് പ്രസിഡന്റ് പി വിജയന്‍, ആര്‍ ഗോപി, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് പി എസ് ചെറിയാന്‍, കെ ജി സെബാസ്റ്റ്യന്‍ തുടങ്ങി നിരവധി നേതാക്കള്‍ പല ഘട്ടങ്ങളിലായി നിരാഹാരമനുഷ്ടിച്ചു. നിരാഹാരമനുഷ്ടിച്ച കോന്നി എംഎല്‍എ ആയിരുന്ന വി എസ് ചന്ദ്രശേഖരന്‍പിള്ളയെ സമരം പൊളിക്കാന്‍ അറസ്റ്റു ചെയ്യുകയും സമര ഷെഡ് പൊളിക്കുകയും ചെയ്തു. പ്രതിഷേധിച്ച തൊഴിലാളികളെയും കെ രാജഗോപാല്‍ ഉള്‍പ്പെടെ നേതാക്കളെയും സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ഇതില്‍ പ്രതിഷേധിച്ച് പുനലൂരില്‍ വമ്പിച്ച പ്രകടവും യോഗവും നടത്തി. തുടര്‍ന്ന് നവംബര്‍ ആറിന് ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളില്‍ ബന്ദ് ആചരിച്ചു. തോട്ടം തൊഴിലാളികളും സമരത്തില്‍ അണിചേര്‍ന്നു. അന്തര്‍ സംസ്ഥാന റോഡ് ഗതാഗതവും തീവണ്ടി ഗതാഗതവും തടസപ്പെട്ടു. സമരത്തിന് ആവേശം വിതറി ഇ കെ നായനാരും സ്ഥലത്തെത്തി.  പൊലീസ് ക്രൂരമായ ലാത്തിചാര്‍ജ് നടത്തിയും വെടിവയ്പ്പ് നടത്തിയുമാണ് സമരത്തെ നേരിട്ടത്. മറ്റൊരു ദിവസം പാര്‍ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന വി എസ് അച്ചുതാനന്ദനും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ ജില്ല മുഴുവന്‍ പടര്‍ന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയായിരുന്നു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 12 സെന്റ് ഭൂമിയും 900 രൂപയും വീതം നല്‍കാന്‍ തീരുമാനിച്ചതോടെ സമരം ഒത്തുതീര്‍പ്പായി. ഒരു സെന്റ് ഭൂമി പോലും നല്‍കില്ലെന്ന് വാശിപിടിച്ച സര്‍ക്കാര്‍ 12 സെന്റ് ഭൂമി നല്‍കാന്‍ നിര്‍ബന്ധിതരായി.  തൊഴില്‍ മേഖലയില്‍ സമരം ശക്തിപ്പെടുത്താനും ഡാം സമരം കരുത്തുപകര്‍ന്നു.  
 
 
 
പ്രധാന വാർത്തകൾ
Top